ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങാനുള്ള തീരുമാനം സൂപ്പർസ്റ്റാർ രജനീകാന്ത് പ്രഖ്യാപിച്ചു.ആരാധകരെ ആവേശഭരിതരാക്കുന്നതാണ് തീരുമാനമെങ്കിലും സ്റ്റൈൽമന്നന്റെ രാഷ്ട്രീയ രംഗപ്രവേശം വൈകിയോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ പങ്ക് വയ്ക്കുന്നുണ്

ഇരുപത്തിനാലു വർഷം മുമ്പുള്ള ഒരു സംഭവമാണ് .ചെന്നൈയിൽ അന്നത്തെ മുഖ്യമന്ത്രി താമസിക്കുന്ന തേനാംപെട്ടിലെ ആർ.കെ. ശാലയിലുള്ള പൊയസ് ഗാർഡനിലാണ് സൂപ്പർസ്റ്റാർ രജനീകാന്തും താമസിച്ചിരുന്നത്. രജനീകാന്തിന്റെ വീട്ടിൽ നിന്നും നടന്നുപോകാവുന്ന ദൂരം.മുഖ്യമന്ത്രിയായതോടെ തമിഴകത്ത് തന്നേക്കാൾ വലിയൊരാളില്ലെന്ന രീതിയിലായിരുന്നു ജയലളിതയുടെ അന്നത്തെ ഭാവവും പെരുമാറ്റവും.
ഒരു ദിവസം രജനീകാന്ത് തന്റെ വണ്ടിയിൽ വീടിനു പുറത്തേക്കിറങ്ങിയപ്പോൾ സുരക്ഷാകാരണം പറഞ്ഞ് പൊലീസ് തടഞ്ഞു." അമ്മാ പോകാതെ വണ്ടി വിടാനാകില്ലെന്നും ഒതുക്കിയിടണമെന്നും" സെക്യൂരിറ്റി ആവശ്യപ്പെട്ടു.താൻ പെട്ടെന്ന് പോകാമെന്ന് രജനി പറഞ്ഞെങ്കിലും പൊലീസ് സമ്മതിച്ചില്ല.ജയലളിതയുടെ അധികാര ഗർവ്വാണ് ഇതിനു പിന്നിലെന്ന് മനസിലാക്കിയ രജനി വണ്ടിയിൽ നിന്ന് വെളിയിലിറങ്ങി നിന്നു. ഇടയ്ക്ക് വണ്ടിയുടെ ബോണറ്റിലും കയറി ഇരുന്നു.സൂപ്പർസ്റ്റാർ റോഡിലിറങ്ങി നിന്നതോടെ ആരാധകർ തടിച്ചുകൂടി. ജയലളിതയ്ക്കെന്നല്ല ആരുടെ വാഹനത്തിനും ഒരിഞ്ച് മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥ.താരം താൻ തന്നെയാണെന്ന് രജനി അന്ന് തെളിയിച്ചു.
ഇറങ്ങേണ്ടിയിരുന്ന നേരം
തമിഴ് മക്കൾ ജയലളിതയുടെ ഭരണത്തിൽ നട്ടം തിരിയുകയാണെന്ന് രജനീകാന്ത് അന്ന് തുറന്നടിച്ചു.രജനി രാഷ്ട്രീയത്തിലിറങ്ങാൻ പോവുകയാണെന്ന ഊഹാപോഹങ്ങളും പ്രചരിച്ചു.പക്ഷേ നേട്ടം കൊയ്തത് കരുണാനിധിയും ഡി.എം.കെയുമായിരുന്നു.1996 ലെ തിരഞ്ഞെടുപ്പിൽ ജയലളിത തകർന്നടിഞ്ഞു.ആ വർഷം റിലീസ് ചെയ്ത രജനീകാന്തിന്റെ മുത്തുവിൽ " ഞാൻ എപ്പോൾവരുവേൻ ,എപ്പടി വരുമേ എന്ന് ആർക്കുമേ അറിയാതെ, വരേണ്ട സമയത്ത് കറക്ടായി വരുവേൻ '' എന്ന ഡയലോഗ് കേട്ട ജനം മുഴുവൻ രജനി ഉടൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് കരുതിയിരുന്നു.പല സിനിമകളിലും മുനവെച്ച സംഭാഷണങ്ങളുമുണ്ടായിരുന്നു. പക്ഷേ രജനി മടിച്ചു.യഥാർത്ഥത്തിൽ അതായിരുന്നു രജനി ഇറങ്ങേണ്ടിയിരുന്ന യഥാർത്ഥ സമയം എന്നാണ് നിഷ്പക്ഷരായ രാഷ്ട്രീയ നിരീക്ഷകർ വിശ്വസിക്കുന്നത്.
വരവ് വൈകിയോ?
രജനീകാന്ത് രാഷ്ട്രീയത്തിൽ ഇറങ്ങാൻ തിരഞ്ഞെടുത്ത സമയം വളരെ വൈകിപ്പോയെന്ന് കരുതുന്നവരും, അതല്ല എപ്പോൾ ഇറങ്ങിയാലും വിജയിക്കുമെന്നും വാദിക്കുന്നവരുണ്ട്. വൈകിയെന്ന് കരുതാനുള്ള പ്രധാന കാരണങ്ങൾ രണ്ടാണ്.ഒന്ന് രജനീകാന്തിന്റെ പ്രായമാണ്.രജനിക്ക് 69 വയസായി.മരണത്തെ അതിജീവിച്ച രോഗത്തിനുശേഷം ഡോക്ടർമാർ കർശനമായ നിർദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്.ഇപ്പോൾ കൊവിഡ് കാലം കൂടിയായതിനാൽ വീടിന് പുറത്തിറങ്ങരുതെന്ന വിലക്കുമുണ്ട്.രജനിയെ പുറത്തെങ്ങും വിടാതിരിക്കാൻ കുടുംബാംഗങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. അതുകാരണമാണ് പുതിയ സിനിമയായ അണ്ണാെെത്തയുടെ ചിത്രീകരണം പൂർത്തിയാകാൻ െെവകുന്നത്. ഇന്നലെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയപ്പോൾ രജനി പറഞ്ഞ പ്രധാനകാര്യം ഡോക്ടർമാരുടെ നിർദ്ദേശത്തെ അവഗണിച്ച് തമിഴ് മക്കൾക്കുവേണ്ടി താൻ രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്നാണ്. തന്റെ പാർടി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രജനിക്ക് അനുകൂലമല്ലാത്ത രണ്ടാമത്തെ കാരണം തമിഴ്നാട് രാഷ്ട്രീയം വളരെ മാറിയെന്നതാണ്.ജയലളിതയും കരുണാനിധിയും ഇല്ലാത്ത കാലമാണിത്. എ.ഐ.എ.ഡി.എം.കെ യിലെ എടപ്പാടി-പന്നീർശെൽവം- ദിനകരൻ- ശശികല ഭിന്നതകൾ ഡി.എം.കെയ്ക്കും സ്റ്റാലിനും വലിയ സാധ്യത തുറന്നുകൊടുത്തിരുന്നു. ശശികല ജയിലിലാവുക കൂടി ചെയ്തതോടെ ചേരിതിരിവ് പന്നീർശെൽവവും പളനിസ്വാമിയും തമ്മിലായി .പക്ഷേ എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയെന്ന നിലയിൽ പേരെടുത്തതോടെ പന്നീർശെൽവം ഒതുങ്ങി.എ.ഐ.എ.ഡി.എം.കെയും ബി.ജെ.പിയും ചേർന്നുള്ള മുന്നണിയെ എഴുതിത്തള്ളാനാവില്ലാത്ത നിലയിലെത്തിയിരിക്കുന്നു കാര്യങ്ങൾ.ഇപ്പോഴത്തെ മുൻതൂക്കം ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിനാണ്.സ്റ്റാലിന്റെ സഹോദരൻ അഴഗരിയെ കൂടെക്കൂട്ടാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയത്തോടടുക്കുകയാണ്.
ബി.ജെ.പിയുമായി കൈകോർക്കുമോ?
രജനീകാന്തിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ ബി.ജെ.പി വലിയ ശ്രമങ്ങളാണ് നടത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ചെന്നൈയിലെത്തിയെങ്കിലും രജനി കാണാൻ കൂട്ടാക്കിയില്ല. എന്നാൽ രജനി ബി.ജെ.പിയെ തള്ളിപ്പറഞ്ഞിട്ടുമില്ല.തന്റെ പാർടിയിൽ ജാതിക്ക് സ്വാധീനനമുണ്ടാകില്ലെന്ന് മാത്രം പറഞ്ഞു.ബി.ജെ.പി നേതാവ് അർജുൻ മൂർത്തി ബി.ജെ.പിയിൽ നിന്ന് രാജിവച്ച് രജനി പാർടിയുടെ ചീഫ് കോർഡിനേറ്ററായത് സസ്പെൻസ് സൃഷ്ടിച്ചിട്ടുണ്ട്.
കമൽ-രജനി
കമൽഹാസൻ സിനിമയിൽ സൂപ്പർതാരമായി ഉയരുമ്പോൾ തൊട്ടുപിന്നാലെ രജനീകാന്തും ഉണ്ടായിരുന്നു.കമലിന്റെ വില്ലനായി രജനി അഭിനയിച്ചിട്ടുണ്ട്.പിന്നീട് രജനീകാന്ത് എം.ജി.ആറിനുശേഷം തമിഴകം കണ്ട ഏറ്റവും വലിയ സൂപ്പർതാരമായി ഉയരുകയായിരുന്നു.ആദ്യമൊക്കെ ഇരുവരും ഒന്നിച്ച് പല ചിത്രങ്ങളിലും അഭിനയിച്ചെങ്കിലും പിന്നീട് പരസ്പര സമ്മതത്തോടെ ഇരുവരും ഒന്നിച്ച് അഭിനയിക്കേണ്ടെന്ന തീരുമാനത്തിലെത്തി.കമലിന്റെയും രജനിയുടെയും ഗുരു പ്രശസ്ത തമിഴ് സംവിധായകൻ കെ.ബാലചന്ദറായിരുന്നു.രജനിക്കുമുമ്പെ രാഷ്ട്രീയത്തിലിറങ്ങിയ കമൽഹാസൻ മക്കൾ നീതി മയ്യമെന്ന രാഷ്ട്രീയ പാർടിയുമായി സജീവമായി രംഗത്തുണ്ട്.സിനിമയിൽ മത്സരമൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും രജനിയും കമലും തമ്മിലുള്ള ഗാഢമായ സൗഹൃദം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.അതുകൊണ്ടാണ് രജനിയുടെയും കമലിന്റെയും സഖ്യം രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നത്.എന്നാൽ ബി.ജെ.പിയെ എതിർക്കുന്ന കമലിന് രജനി അങ്ങനെയൊരു സഖ്യമുണ്ടാക്കിയാൽ അനുകൂലിക്കാനും കഴിയില്ല.
ആത്മീയ രാഷ്ട്രീയം
ഇന്നലെ നാടകീയ പ്രഖ്യാപനം നടത്തിയ ശേഷം രജനികാന്ത് തമിഴിൽ ടീറ്റ് ചെയ്തത് ഇപ്പോൾ ഇല്ലെങ്കിൽ ഒരിക്കലുമില്ലെന്നായിരുന്നു. എന്നാൽ തന്റേത് ആത്മീയ രാഷ്ട്രീയമെന്നാണ് രജനീകാന്ത് വിശേഷിപ്പിക്കുന്നത്.അതെന്ത് രാഷ്ട്രീയമാണെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.ആരാധകരെ നിരാശപ്പെടുത്തുന്ന മറ്റൊരു കാര്യം മുഖ്യമന്ത്രിയാകാൻ താനില്ലെന്ന രജനിയുടെ മുൻ പ്രഖ്യാപനം ആണ്.മുഖ്യമന്ത്രി സ്ഥാനത്ത് രജനി വന്നില്ലെങ്കിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കുമോയെന്ന ആശങ്ക പലരും പങ്കുവയ്ക്കുന്നു.
രജനി രൂപീകരിക്കാൻ പോകുന്ന പാർടിക്ക് ജയസാധ്യത ഉണ്ടാകണമെങ്കിൽ രജനി മത്സരിക്കുക തന്നെ വേണമെന്നാണ് ആരാധക മൺട്രത്തിന്റെ ജില്ലാ ഘടകങ്ങളിലെ നേതാക്കൾ ആവശ്യപ്പെടുന്നത്. ഈ ആവശ്യങ്ങൾ അംഗീകരിക്കാതെ രജനിക്ക് മുന്നേറുക എളുപ്പമാവുകയില്ല. 
അഭിനയ ചക്രവർത്തി നടികർ തിലകം ശിവാജി ഗണേശന്റെ രാഷ്ട്രീയ രംഗപ്രവേശം വൻ പരാജയമായിരുന്നു. 'കപ്പലോട്ടിയ മന്നനുക്ക് യാരുതാൻ ബദൽ' എന്നൊക്കെ അന്ന് ആവേശം ചൊരിഞ്ഞ മുദ്രാവാക്യങ്ങൾ ഉണ്ടായെങ്കിലും ശിവാജിക്ക് തോൽവിയുടെ കയ്പ് നീർ കുടിക്കേണ്ടി വന്നു.രജനീകാന്തിനെ കാത്തിരിക്കുന്ന രാഷ്ട്രീയ വിധിയെന്തായിരിക്കും.? മേയിൽ നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിരിമുറുക്കം കൂടുകയാണ്.