
മരണത്തിന് മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട് ഫോർമുല വൺ കാറോട്ട ടീം ഹാസിന്റെ ഡ്രൈവർ റൊമെയ്ൻ ഗ്രോസ്ജീൻ
താനിപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കാൻ ഗ്രോസ്ജീന് പ്രയാസമായിരുന്നു.മരണത്തെ മുഖാമുഖം കണ്ട 15 സെക്കൻഡുകൾക്ക് ശേഷം തീഗോളമായി മാറിയ കാറിൽ നിന്ന് രക്ഷാപ്രവർത്തകരുടെ കരങ്ങളിലേക്കല്ല, പുനർജന്മത്തിലേക്കാണ് ആ 34കാരൻ എത്തിയത്.
കഴിഞ്ഞ ഞായറാഴ്ച ഫോർമുല വൺ ഗ്രാൻപ്രി കാറോട്ടമത്സരം നടന്ന ബഹ്റൈനിലെ സാഖിർ സർക്യൂട്ടിലുണ്ടായ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഗ്രോസ്ജീൻ ഇപ്പോൾ ആശുപത്രിക്കിടക്കയിൽസുഖം പ്രാപിച്ച് വരികയാണ്.ടീം ഹാസിന്റെ ഡ്രൈവറായ റൊമെയ്ൻ ഗ്രോസ്ജീൻ ഓടിച്ചിരുന്ന കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു തകർന്നു തീഗോളമാവുകയായിരുന്നു. 15 സെക്കൻഡ് കാറിൽ കുടുങ്ങിക്കിടന്ന ശേഷമാണ് ആകാശംമുട്ടെ ഉയർന്ന തീനാളത്തിന് നടുവിലൂടെ ബാരിയർ ചാടിക്കടന്നു ഗ്രോസ്ജീൻ പുറത്തേക്കു വന്നത്. കൈകൾക്ക് പൊള്ളലേറ്റ താരത്തിനു കാര്യമായ പരുക്കില്ലാതിരുന്നതിനാൽ കോക്പിറ്റിൽനിന്നു തനിയെ പുറത്തിറങ്ങാനായി.
മത്സരത്തിന്റെ ആദ്യ ലാപ്പിലായിരുന്നു അപകടം. സർക്യൂട്ടിൽ തെന്നിത്തെറിച്ച കാർ ആൽഫ ടൗറി താരമായ ഡാനിയൽ ക്വയറ്റിന്റെ കാറിന്റെ മുൻഭാഗത്തിടിച്ചു നിയന്ത്രണം വിട്ടു. പിന്നാലെ, സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ചു രണ്ടായി പിളർന്ന കാർ അഗ്നിഗോളമായി.
രക്ഷാപ്രവർത്തകർ ഓടിയെത്തിയെങ്കിലും 15 സെക്കൻഡ് നേരം ഗ്രോസ്ജീൻ കത്തുന്ന കാറിനുള്ളിൽപെട്ടു. സ്വയം പുറത്തിറങ്ങിയ അദ്ദേഹത്തെ ഉടനെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു.
അപകടം ഗ്രോസ്ജീനിൽ ഒതു്ിനിന്നില്ല. ഡാനിയൽ ക്വയറ്റിന്റെ കാർ ഇടിച്ചു റേസിങ് പോയിന്റ് താരം ലാൻസ് സ്ട്രോളിന്റെ കാർ മറിഞ്ഞു. തലകുത്തനെ നിന്ന കാറിൽനിന്ന് സ്ട്രോൾ നിരങ്ങി പുറത്തുവന്നതും വലിയ പരുക്കില്ലാതെയായിരുന്നു.
ഗ്രോസ്ജീന്റെ ജീവൻ രക്ഷിച്ചത് ‘ഹാലോ’ എന്ന സംവിധാനമാണെന്നു ഫോർമുല വൺ ചീഫ് റോസ് ബ്രൗണും ചാംപ്യൻ ഡ്രൈവർ ലൂയിസ് ഹാമിൽട്ടനും അഭിപ്രായപ്പെട്ടു. കോക്ക് പിറ്റിൽ ഡ്രൈവറുടെ സീറ്റിനു മുൻപിൽ ഉറപ്പിച്ചിരിക്കുന്ന ടൈറ്റാനിയം വളയമാണു ഹാലോ.
2018ൽ എഫ് വൺ കാറുകളിൽ ഹാലോ സംവിധാനം ഏർപ്പെടുത്തിയപ്പോൾ എതിർപ്പുകൾ ഉയർന്നിരുന്നു. എന്നാൽ, തുറന്ന കോക്പിറ്റിലിരിക്കുന്ന ഡ്രൈവറുടെ തലയ്ക്ക് ഏൽക്കാവുന്ന ആഘാതങ്ങൾ തടയാൻ ഈ സുരക്ഷാ കവചത്തിനാകും.