
ബൊഗോറ്റ : സോപ്പിനുമുകളിൽ ചോക്ലേറ്റ് പുരട്ടി ആളുകൾക്ക് നൽകി പ്രാങ്ക് കാട്ടിയ യൂട്യൂബർ കുരുക്കിൽ. അതിരുവിട്ട പ്രാങ്കിനെതിരെ നിയമനടപടി വേണമെന്ന ആവശ്യം ശക്തമാവുകയാണ്. റിട്ടോറിക്ക ടി വി എന്ന യൂട്യൂബ് ചാനൽ നടത്തുന്ന ജേയ് ടോമി എന്നറിയപ്പെടുന്ന മിൽട്ടൺ ഡോമിൻഗ്വെസ് ആണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24ന് ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദങ്ങൾക്ക് വഴിതെളിച്ചത്.
താൻ പുതിയ ബേക്കറി തുടങ്ങിയെന്നും തന്റെ കൈയ്യിലുള്ള പോപ്പ്സിക്കിൾസ് രുചിച്ച് നോക്കി അഭിപ്രായം പറയണമെന്ന് പറഞ്ഞ് തെരുവിൽ ജീവിക്കുന്ന പാവപ്പെട്ട ആളുകൾക്ക് നേരെ പ്രാങ്ക് ചെയ്യാനായി സമീപിക്കുകയായിരുന്നു. സോപ്പിന് മുകളിൽ ചോക്ലേറ്റ് ഉരുക്കു ഒഴിച്ചതാണ് തങ്ങൾക്ക് ലഭിച്ച പോപ്പ്സിക്കിൾസ് എന്നറിയാതെ ആളുകൾ അത് രുചിച്ച് നോക്കുകയായിരുന്നു. പോപ്പ്സിക്കിൾസ് വായിൽവച്ചുടൻ ചിലർ തുപ്പിക്കളയുന്നതിന്റെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. എന്നാൽ ചിലരാകട്ടെ നല്ലതാണെന്ന് പറഞ്ഞ് കഴിക്കുന്നതുമുണ്ട്.
എന്നാൽ ഇതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുകയായിരുന്നു. ഇത്തരം അതിരുവിട്ട പ്രാങ്കുകൾ പ്രോത്സാഹിപ്പിക്കരുതെന്നും സോപ്പ് കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നും ഒന്നുമറിയാതെ പോപ്പ്സിക്കിൾസ് രുചിക്കാനെത്തിയ സാധാരണക്കാരെ കബളിപ്പിക്കുന്നത് ക്രൂരതയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ മാപ്പ് അപേക്ഷിച്ച് ജേയ് ടോമി രംഗത്തെത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.