
കൊല്ലം: നാട്ടിലാകെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ നടക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ ഇടതുമുന്നണിയുടെ പ്രചാരണത്തിന് കാണാത്തതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ ശൂരനാട് രാജശേഖരൻ. മുൻപ് മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയപ്പോൾ ഇടത് മുന്നണി തകർന്നടിഞ്ഞെന്നും ഇവരുടെ അവസ്ഥ ഇടത് സ്ഥാനാർത്ഥികൾക്ക് നന്നായി അറിയാമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ എഴുതി ഫേസ്‌ബുക്കിലൂടെ ഇടത് നേതാക്കളുടെ അവസ്ഥ അദ്ദേഹം പറയുന്നു.
ശൂരനാട് രാജശേഖരന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ പ്രചരണ പരിപാടികളിൽ നിന്ന് മുഖ്യമന്തി പിണറായി വിജയൻ ഒഴിഞ്ഞ് നിൽക്കുകയാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ മുഖ്യ പ്രചാരകരായിരുന്നു പിണറായിയും പാർട്ടി സെക്രട്ടറി കൊടിയേരിയും. കേരളമാകെ ഇവരുടെ രണ്ട് പേരുടെയും വലിയ കട്ടൗട്ടുകൾ റോഡിനിരുവശവും സ്ഥാപിച്ച് കൊണ്ട് വോട്ട് തേടിയായിരുന്നു ഓരോ ഇടതു പക്ഷ സ്ഥാനാർത്ഥികളും ജനങ്ങളെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യു.ഡി.എഫ് 19 സീറ്റും ജയിച്ച് ചരിത്ര വിജയം നേടി. ഒരു സീറ്റ് കൊണ്ട് ഇടതുപക്ഷത്തിന് തൃപ്തിപ്പെടേണ്ടി വന്നു. ഈ രണ്ട് നേതാക്കളുടെയും ഇപ്പോഴത്തെ അവസ്ഥ ഏറ്റവും നന്നായി അറിയാവുന്നത് ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് തന്നെയാണ്. ഒരാൾക്ക് പാർട്ടി സെക്രട്ടറി സ്ഥാനം പോയി. മറ്റേയാൾ അഴിമതികളുടെ വിവാദ ചുഴിയിൽപ്പെട്ട് ജനരോഷം ഭയന്ന് ക്ലിഫ് ഹൗസിലും സെക്രട്ടേറിയേറ്റിലെ ഓഫിസിലും മാത്രം ഒതുങ്ങി കൂടുന്നു.. പൂന്താനത്തിൻ്റെ ജ്ഞാനപ്പാനയിലെ വരികൾ ഇവിടെ പ്രസക്തമാണ്. " കണ്ട് കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്ന് വരുത്തുന്നതും ഭവാൻ മാളികമുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ "