
ചെന്നൈ: തമിഴക രാഷ്‌ട്രീയത്തിൽ കൃത്യം മൂന്ന് വർഷം നീണ്ട സസ്പെൻസിന് വിരാമമിട്ട് സൂപ്പർ താരം രജനികാന്ത് ഈ മാസം 31ന് രാഷ്‌ടീയ പാർട്ടി പ്രഖ്യാപിക്കും. ജനുവരിയിൽ പാർട്ടി പ്രവർത്തനം ആരംഭിക്കുമെന്നും 69കാരനായ രജനി ഇന്നലെ ട്വിറ്ററിൽ അറിയിച്ചു. സ്വന്തം പാർട്ടിയുമായി രാഷ്‌ട്രീയത്തിൽ ഇറങ്ങുമെന്ന് 2017 ഡിസംബർ 31നാണ് രജനികാന്ത് പ്രഖ്യാപിച്ചത്.
കഴിഞ്ഞ തിങ്കളാഴ്‌ച രജനി മക്കൾ മൻട്രത്തിന്റെ ജില്ലാ സെക്രട്ടറിമാരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു. കുറേ ദിവസങ്ങളായി വിശ്വസ്തരുമായി നേരിട്ടും ഫോണിലൂടെയും ചർച്ചകളായിരുന്നു. രാഷ്ട്രീയ ഉപദേശകനും ഗാന്ധി മക്കൾ ഇയക്കം പ്രസിഡന്റുമായ തമിഴരുവി മണിയനുമായി പോയസ് ഗാർഡൻ വസതിയിൽ കഴിഞ്ഞ ദിവസം ചർച്ച നടത്തി. അന്ന് വസതിയിൽ മാദ്ധ്യമങ്ങളെ കണ്ട രജനി, എത്രയും വേഗം തീരുമാനം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. അതേസമയം, ബി.ജെ.പിയുമായി സഹകരിക്കുന്നതിനെപ്പറ്റി യാതൊരു സൂചനയും രജനി ഇന്നലെ നൽകിയില്ല. കഴിഞ്ഞയാഴ്ച അമിത് ഷാ തമിഴ്നാട് സന്ദർശിച്ചപ്പോൾ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്തതായാണ് സൂചന.
അനുകൂല ഘടകങ്ങൾ
 തമിഴ്നാടിന്റെ മുക്കിലും മൂലയിലും ആരാധകർ
 ജയലളിതയ്ക്കും കരുണാനിധിക്കും ശേഷം താരമൂല്യമുള്ള നേതാവില്ല
 ജനക്കൂട്ടത്തെ കൈയിലെടുക്കാനുള്ള കഴിവ്
പ്രതികൂല ഘടകങ്ങൾ
 ജന്മംകൊണ്ട് തമിഴനല്ല
 വൃക്ക രോഗം കാരണം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങാനാകില്ല
 ബി.ജെ.പി വിരോധികളുടെ എതിർപ്പ്
''ജനങ്ങളുടെ പിന്തുണയോടെ ഞങ്ങളുടെ പാർട്ടി അധികാരം പിടിച്ചെടുക്കും. ജാതിക്കും മതത്തിനും അതീതവും അഴിമതിരഹിതവും സുതാര്യവുമായ ഒരു ഗവൺമെന്റ് രൂപീകരിക്കും. അദ്ഭുതങ്ങൾ സംഭവിക്കും. ഇപ്പോഴല്ലെങ്കിൽ ഒരിക്കലും ഇല്ല.''- -രജനികാന്ത്