honey

ന്യൂഡൽഹി: പതഞ്ജലി, ഡാബര്‍, സാന്ദു തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ വില്‍ക്കുന്നത് മായം കലര്‍ന്ന തേനെന്ന് പരിശോധനാഫലം. ചൈനീസ് ഷുഗര്‍ ചേര്‍ത്ത തേന്‍ ആണ് ഈ ബ്രാന്‍ഡുകള്‍ വില്‍ക്കുന്നതെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കണ്ടെത്തി. ഇത് വില്‍പ്പനയോഗ്യമല്ലെന്നും സി.എസ്.ഇ വിലയിരുത്തി. 13 ബ്രാന്‍ഡുകള്‍ പരിശോധിച്ചതില്‍ നിന്നാണ് മായം കലര്‍ന്ന തേനാണ് ഈ ബ്രാന്‍ഡുകള്‍ വിപണിയിലെത്തിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.

ഗുജറാത്ത് എന്‍.ഡി.ബി.സിയിലാണ് പരിശോധന നടത്തിയത്. കൊവിഡ് മഹാമാരിക്കിടെ തേന്‍ വില്‍പനയില്‍ വര്‍ദ്ധനയുണ്ടായിട്ടും തേനീച്ച കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചിരുന്നില്ല. ഇക്കാര്യം പരിശോധിച്ചപ്പോഴാണ് ചൈനീസ് ഷുഗര്‍ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയതെന്ന് സി.എസ്.ഇ ഡയറക്ടര്‍ ജനറല്‍ സുനിത നരേന്‍ പറഞ്ഞു. കൃത്രിമ മധുരം ചേര്‍ക്കല്‍ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്നതാണ്. കൊവിഡ് വ്യാപനത്തിനിടെയാണ് ഇത്തരത്തില്‍ തട്ടിപ്പെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

പ്രതിരോധശേഷിക്ക് സഹായിക്കുമെന്ന ധാരണയില്‍ ആളുകള്‍ തേന്‍ വാങ്ങുന്നുണ്ട്. എന്നാല്‍ പഞ്ചസാര സിറപ്പ് ചേര്‍ത്താണ് ഇവ വില്‍പ്പന നടത്തുന്നത്. ഇത് അപകട സാദ്ധ്യത കൂട്ടുകയാണ് ചെയ്യുക. പഞ്ചസാര കൂടുതലായി ശരീരത്തിലെത്തുന്നത് അമിതവണ്ണവും പ്രമേഹവും അടക്കമുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും സുനിത വിശദീകരിച്ചു.

കരിമ്പ്, അരി, ബീറ്റ്റൂട്ട് എന്നിവയില്‍ നിന്നുള്ള പഞ്ചസാരയാണ് തേനിന്റെ മധുരം കൂട്ടാനായി ചേര്‍ത്തിരുന്നത്. സി-3, സി-4 പരിശോധനകളില്‍ ഇത് കണ്ടെത്താനാകും. എന്നാല്‍ ചൈനീസ് ഷുഗര്‍ കണ്ടെത്താന്‍ ന്യൂക്ലിയര്‍ മാഗ്‌നറ്റിക് റെസണന്‍സ് പരിശോധന വേണം. കയറ്റുമതി ചെയ്യുന്ന തേനില്‍ ഈ പരിശോധന നടത്താറുണ്ട്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ പതഞ്ജലിയും ഡാബറും സാന്ദുവും നിഷേധിച്ചു. മുഴുവന്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് തേന്‍ വില്‍പ്പനയെന്നാണ് കമ്പനികളുടെ അവകാശവാദം.