pilot

മുംബയ്: പരിശീലനപ്പറക്കലിനിടെ നാവികസേനാ വിമാനം അറബിക്കടലിൽ തകർന്ന് കാണാതായ കമാൻഡർ നിഷാന്ത് സിംഗിനെ കണ്ടെത്താൻ സഹായകമാകുന്ന സൂചന റഷ്യൻ നിർമിത എമർജൻസി ലൊക്കേറ്റർ ബീക്കണിൽ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇന്ത്യൻ നാവികസേന സ്ഥിരീകരിച്ചു. സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് സിഗ്നലുകൾ ലഭ്യമാക്കാൻ സർവൈവൽ കിറ്റിനുള്ളിലെ ബീക്കണിന് സാധിക്കില്ലെന്ന് നാവികസേന വ്യക്തമാക്കി.

നാവികസേനയിലെ ഇൻസ്ട്രക്ടർ പൈലറ്റായ നിഷാന്ത് സിംഗും ഒരു ട്രെയിനി പൈലറ്റുമാണ് രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന വിമാനത്തിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ ട്രെയിനി പൈലറ്റിനെ ഹെലികോപ്ടറിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു.

നാവികസേനയുടെ ഏക എയർക്രാഫ്ട് കാരിയറായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറന്നുയർന്ന് അല്പസമയത്തിനുള്ളിലായിരുന്നു മിഗ് 29 കെ ഫൈറ്റർ അപകടത്തിൽപ്പെട്ടത്.

അറബിക്കടലിൽ നിന്ന് കണ്ടെത്തിയ വിമാനാവശിഷ്ടങ്ങളിൽ നിഷാന്ത് സിംഗിന്റെ ഭാഗത്തുള്ള ഇജക്ഷൻ സീറ്റ് കാണാത്തതിനാൽ വിമാനത്തിൽ നിന്ന് അദ്ദേഹം പുറത്തു കടന്നെന്ന കാര്യം ഉറപ്പിക്കാമെന്ന് നാവികസേന അറിയിച്ചു. എന്നാൽ ആഴക്കടലിലായതിനാൽ രക്ഷപ്പെടാനുള്ള ശ്രമം വിജയിച്ചോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും നാവികസേനാവക്താവ് കൂട്ടിച്ചേർത്തു.

ഇരിപ്പിടത്തിൽ നിന്ന് വേർപെട്ടു കഴിഞ്ഞാൽ പൈലറ്റിനെക്കുറിച്ച് സൂചന നൽകാൻ സഹായകമാകുന്ന ബീക്കണുകൾക്ക് സമുദ്രാന്തർഭാഗത്ത് നിന്ന് സിഗ്നലുകൾ നൽകാൻ സാധിക്കില്ല. അനുകൂലമായ താപനിലയിൽ 48 മണിക്കൂറുകൾ വരെയാണ് ഇവ പ്രവർത്തിക്കുക. നാവികസേന തെരച്ചിൽ തുടരുകയാണ്.