
മാഡ്രിഡ് : ലാ ലിഗ മത്സരത്തിൽ ഗോൾ നേടിയ ശേഷം അന്തരിച്ച ഇതിഹാസതാരം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ജഴ്സിയൂരി അടിയിൽ ധരിച്ചിരുന്ന ജഴ്സി പ്രദർശിപ്പിച്ചതിന് ബാഴ്സലോണ താരം ലയണൽ മെസിക്ക് സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ 600 ഡോളർ പിഴ വിധിച്ചു.
കഴിഞ്ഞ ദിവസം ഒസാസുനയ്ക്ക് എതിരായ മത്സരത്തിലാണ് വ്യത്യസ്തമായ രീതിയിൽ മെസി തന്റെ മുൻ പരിശീലകൻ കൂടിയായ ഡീഗോയ്ക്ക് ആദരവ് അർപ്പിച്ചത്. അർജന്റീനിയൻ ക്ളബ് ന്യൂവെൽസ് ബോയ്സിൽ മറഡോണ കളിച്ചിരുന്ന സമയത്തെ ചുവപ്പും കറുപ്പും കലർന്ന നിറമുള്ള ജഴ്സിയാണ് മെസി പ്രദർശിപ്പിച്ചത്. ആകാശത്തേക്ക് ഇരുകൈകളും ഉയർത്തി മറഡോണയുടെ അക്കാലത്തെ ഗോളാഘോഷത്തെ അനുകരിക്കുകയും ചെയ്തിരുന്നു. മത്സരശേഷം തന്റെയും മറഡോണയുടെയും ഗോളാഘോഷചിത്രങ്ങൾ ഒരുമിച്ചുചേർത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
മത്സരത്തിനിടെ കളിക്കാർ ടീമിന്റെ ജഴ്സിയൂരി ആഘോഷങ്ങളോ പ്രതിഷേധങ്ങളോ നടത്തുന്നത് കളിനിയമങ്ങൾക്ക് എതിരായതിനാലാണ് ഫെഡറേഷൻ പിഴ വിധിച്ചത്. എന്നാൽ മറഡോണയെപ്പോലൊരു മഹാനായ താരത്തെ ആദരിക്കാനായാണ് മെസി മറ്റൊരു ജഴ്സി അകത്ത് അണിഞ്ഞിരുന്നത് എന്നതിനാൽ നാമമാത്രമായ പിഴയാണ് വിധിച്ചത്.ഇതിനെതിരെ മെസിക്കും ക്ളബിനും അപ്പീൽ നൽകാം.