
ന്യൂഡല്‍ഹി: ബ്രിട്ടീഷ് സര്‍ക്കാര്‍ ബുധനാഴ്ച അംഗീകരിച്ച കൊവിഡ് വാക്സിന്‍ എത്രയും വേഗം ലഭിക്കാനായി യു.കെയില്‍ പോകാന്‍ ആഗ്രഹിച്ച് ഇന്ത്യക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ ഏജന്റുമാരെ നിരവധി പേർ ബന്ധപ്പെട്ടു. അടുത്തയാഴ്ച ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മാസ് വാക്സിനേഷന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്കായി ഒരു ട്രാവല്‍ ഏജന്റ് ത്രീ നൈറ്റ് പാക്കേജാണ് ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
യു.എസ് കമ്പനിയായ ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെകും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ രണ്ട് ഡോസ് വീതം നല്‍കുന്നതിനാണ് ബ്രിട്ടണ്‍ അനുമതി നല്‍കിയത്. സ്വതന്ത്ര റെഗുലേറ്ററായ മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത്കെയര്‍ പ്രോഡക്ട്സ് റെഗുലേറ്ററി ഏജന്‍സിയുടെ വിശകലനത്തിന് ശേഷമാണ് ബുധനാഴ്ച അനുമതി നല്‍കിയത്. കൊവിഡ് വാക്സിന്‍ ലഭിക്കുന്നതിനായി യു.കെയിലേക്ക് എങ്ങനെ, എപ്പോള്‍ പോകാൻ സാധിക്കുമെന്ന് ചില ആളുകള്‍ ബുധനാഴ്ച ചോദ്യങ്ങള്‍ ഉന്നയിച്ചതായി മുംബയ് ആസ്ഥാനമായുള്ള ഒരു ട്രാവല്‍ ഏജന്റ് പറഞ്ഞു. 'ഇന്ത്യക്കാര്‍ക്ക് യു.കെയില്‍ വാക്സിന്‍ കിട്ടുമോയെന്ന് പോലും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. എന്തായാലും വയോധികര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാക്കുന്നതെന്നും അവരോട് പറഞ്ഞതായി' ഏജന്റ് പറഞ്ഞു.
ഓഫ് സീസണ്‍ ആയിട്ടുകൂടി യു.കെ വിസ ലഭിച്ചവരും ലണ്ടനിലേക്ക് വരാന്‍ കഴിയുന്നവരുമായ ചില ഇന്ത്യക്കാരില്‍ നിന്ന് അന്വേഷണങ്ങള്‍ ലഭിച്ചതായി ഈസ്മൈട്രിപ്പ്.കോം സഹസ്ഥാപകനും സി.ഇ.ഒയുമായ നിഷാന്ത് പിറ്റി പറഞ്ഞു. വാക്സിന്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ആവശ്യമാണോയെന്ന കാര്യത്തില്‍ യു.കെ സര്‍ക്കാരില്‍ നിന്ന് വ്യക്തതയ്ക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉള്ളവര്‍ വാക്സിനേഷന്‍ ലഭിക്കാന്‍ അര്‍ഹരാണോയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വാക്സിനേഷനായി മാത്രം യു.കെയിലേക്ക് പോകാന്‍ താത്പര്യപ്പെടുന്നവര്‍ക്കായി ത്രീ- നൈറ്റ് പാക്കേജ് ആരംഭിക്കാനായി കമ്പനി പദ്ധതിയിടുന്നതായി നിഷാന്ത് പറഞ്ഞു. 'സീറ്റുകള്‍ക്കായി ഞങ്ങള്‍ ഒരു എയര്‍ലൈനുമായി ഇടപെടുകയാണ്. ഇതിനകം തന്നെ ലണ്ടന്‍ ഹോട്ടലുകളുമായി ഡീലുകളുണ്ട്. അവിടെയുള്ള ഒരു ആശുപത്രിയുമായി ഡീല്‍ ചെയ്യാന്‍ പദ്ധതിയിടുന്നുണ്ട്. അതിലൂടെ പാക്കേജ് സൃഷ്ടിക്കാന്‍ കഴിയും', നിഷാന്ത് പറഞ്ഞു. ഡിസംബര്‍ 15 മുതല്‍ യു.കെയിലെത്തുന്ന ഓരോ വിദേശിയും അഞ്ച് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും ആറാം ദിവസം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തണമെന്നും യു.കെ സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് നെഗറ്റീവ് ഫലമായാല്‍ യാത്രക്കാര്‍ക്ക് ഐസോലേഷനില്‍ നിന്ന് പുറത്തുകടക്കാം.