
തിരുവനന്തപുരം: വഞ്ചിയൂർ പാൽക്കുളങ്ങര ക്ഷേത്ര പരിസരത്ത് നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. എറണാകുളം ആമ്പല്ലൂർ സ്വദേശി ശ്രീകുമാറിനെയാണ് (59) വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കോന്നി സ്വദേശി മനോജിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. തിരുവനന്തപുരം കോർപറേഷനിൽ സാനിട്ടേഷൻ ജോലി നോക്കുന്ന മനോജ് ക്ഷേത്രക്കുളത്തിന്റെ കൽപ്പടവിൽ 28000 രൂപ വിലവരുന്ന ഫോൺ വച്ച ശേഷം കൈകാൽ കഴുകുന്നതിനിടെയാണ് മോഷണം നടന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വഞ്ചിയൂർ പൊലീസ് സ്ഥലത്ത് സംശയാസ്പദമായി ഉണ്ടായിരുന്ന ആളിന്റെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിറ്റേന്ന് പ്രതി പിടിയിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബീമാപള്ളിയിലെ കടയിൽ നിന്ന് ഫോൺ പൊലീസ് കണ്ടെടുത്തു. ശ്രീകുമാർ 20 വർഷങ്ങൾക്ക് മുമ്പ് എറണാകുളത്ത് നിന്ന് നാടുവിട്ട് തിരുവനന്തപുരത്ത് എത്തിയ ശേഷം പല സ്ഥലങ്ങളിലായി കഴിയുകയായിരുന്നു. വഞ്ചിയൂർ എസ്.എച്ച്.ഒ നിസാം, എസ്.ഐമാരായ ഉമേഷ്, പ്രജീഷ് കുമാർ, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒ ശിവപ്രസാദ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ്
പ്രതിയെ പിടികൂടിയത്.