
ന്യൂഡൽഹി: വിവിധ രാജ്യങ്ങളുമായി ഉന്നത തല ബന്ധം പുലർത്താനും ഒരുമിച്ച് നാവികാഭ്യാസം നടത്താനും ഇന്ത്യയ്‌ക്ക് കഴിയുമ്പോൾ സൗഹൃദമുളള രാജ്യങ്ങൾ പോലും പാകിസ്ഥാനെ ഒഴിവാക്കുകയാണ്. അമേരിക്കയും ജപ്പാനും ഇന്ത്യയും ചേർന്ന് മലബാർ നാവികാഭ്യാസം നടത്തിയത് ഈയിടെയാണ്. എന്നാൽ പാകിസ്ഥാനുമായി സൗഹൃദമുളള ചൈന ഉൾപ്പടെ ആറ് രാജ്യങ്ങൾ അവരുടെ സേനയെ തങ്ങളുടെ രാജ്യത്ത് സന്ദർശിക്കാൻ അനുവദിക്കുകയോ നാവികാഭ്യാസത്തിന് ക്ഷണിക്കുകയോ ചെയ്യുന്നില്ല. രാജ്യത്ത് പടർന്നുപിടിച്ച കൊവിഡ് രോഗമാണ് കാരണം.
മിസൈൽവേധ കപ്പലായ പിഎൻഎസ് സെയ്‌ഫ്, ചൈനീസ് നിർമ്മിത പാക് സൈനിക കപ്പലായ പിഎൻഎസ് നാസ്‌ർ എന്നിവയ്‌ക്ക് വിയറ്റ്‌നാം, ചൈന,ഫിലിപ്പൈൻസ്, ബ്രൂണൈ,മലേഷ്യ,ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതിന് നൽകിയ അനുമതി റദ്ദാക്കി. ഒമാൻ കപ്പലുകൾ പ്രവേശിക്കുന്നത് വിലക്കിയിട്ടില്ല എന്നാൽ സൈനിക ഉപകരണങ്ങൾ എത്തിക്കുന്നതിനോ ഇന്ധനം നിറയ്‌ക്കുന്നതിനോ മാത്രമേ അവ നിർത്താവൂ എന്നും കപ്പലിലെ ആരും രാജ്യം സന്ദർശിക്കാൻ എത്തരുതെന്നും ഒമാൻ അറിയിച്ചു.
അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാന് വളരെയേറെ നാണക്കേട് ഉണ്ടായിരിക്കുന്ന ഈ സമയം എന്നാൽ ഇന്ത്യയുമായി ലോകരാജ്യങ്ങൾ നാവികാഭ്യാസത്തിന് സഹകരിക്കുന്ന കാഴ്‌ചയാണ് കാണാനാവുക. അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയുമായി സഹകരിച്ച് നടത്തിയ മലബാർ നാവികാഭ്യാസം കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഇവിടെ നടത്തി. റഷ്യ, സിംഗപ്പൂർ, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ സൗഹൃദ രാജ്യങ്ങളുമായും ഇന്ത്യ നാവികാഭ്യാസം നടത്തി. ലോകരാജ്യങ്ങളിൽ ഇന്ത്യ സ്വീകാര്യത വർദ്ധിപ്പിക്കുമ്പോഴും പാകിസ്ഥാന് നിലവിലെ സ്വീകാര്യത നഷ്‌ടപ്പെടുന്ന ദയനീയ അവസ്ഥയിലാണ് എന്നതാണ് വസ്‌തുത.