
1958 ജൂലായ് മാസത്തിലെ ഒരു തണുത്ത രാത്രിയാണ് അത് സംഭവിച്ചത്. അലാസ്കൻ മലനിരകൾക്കിടെയിലുള്ള ശാന്തമായ ചെറു ഉൾക്കടലായ ലിറ്റ്യൂയ ബേയിൽ ( Lituya Bay ) നിന്നും 1720 അടി (524 മീറ്റർ ) ഉയരത്തിലുള്ള രാക്ഷസ തിരമാലകൾ കുതിച്ചു പൊങ്ങി.
ആധുനിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുതായിരുന്നു അത്. അലാസ്കൻ മഞ്ഞുമലകൾ ഉരുകി മഞ്ഞു പാളികൾ തകർന്നുണ്ടായ ശക്തമായ മണ്ണിടിച്ചിലും തുടർന്നുണ്ടായ 7.8 റിക്ടർ സ്കെയിൽ തീവ്രതയുമുള്ള ഭൂചലനത്തിലുമാണ് മെഗാ സുനാമി രൂപപ്പെട്ടത്.
30.6 ദശലക്ഷം ക്യൂബിക് മീറ്ററിലുള്ള പാറകൾ ലിറ്റ്യൂയ ഹിമാനിയിൽ നിന്നും 3,000 അടി ഉയരത്തിൽ നിന്നും കടലിലേക്ക് പതിക്കുകയായിരുന്നു. ഇത്രയും കൂറ്റൻ തിരകൾ പതിനായിരങ്ങളുടെ ജീവൻ കവർന്നുകാണുമെന്നായിരിക്കും ഏവരുടെയും ചിന്ത. എന്നാൽ വെറും അഞ്ച് പേർ മാത്രമാണ് ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടത്. ! കൂറ്റൻ മലകളാൽ ചുറ്റപ്പെട്ടിരുന്നതിനാൽ സുനാമി ആ പ്രദേശത്ത് ഒതുങ്ങി. മരങ്ങളെയും മറ്റു ജീവജാലങ്ങളെയെല്ലാം സുനാമി തുടച്ചു നീക്കി.
മഞ്ഞ് മലകളാൽ നിറഞ്ഞ ഗൾഫ് ഒഫ് അലാസ്ക മേഖലയിൽ മഞ്ഞുമലകൾ ഇടിയുന്നതും സുനാമികൾ രൂപപ്പെടുന്നതും പതിവാണ്. എന്നാൽ ഇത്രയും ഭീകരമായ തിരകൾ രൂപപ്പെട്ടത് അന്നാണ്. മെഗാ സുനാമി ഉണ്ടാക്കിയ നാശനഷ്ടങ്ങൾ ഇന്നും ഈ പ്രദേശത്ത് കാണാവുന്നതാണ്. മഞ്ഞിടിച്ചിലിന്റെയും മെഗാ സുനാമിയുടെയും ഫലമായുണ്ടായ ശബ്ദം 80 കിലോമീറ്റർ അകലെ വരെ കേട്ടിരുന്നത്രെ.