covid

ഭോപ്പാൽ: ഭോപ്പാൽ വിഷവാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട 102 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി മദ്ധ്യപ്രദേശ് സർക്കാർ അറിയിച്ചു. എന്നാൽ ഈ കണക്ക് തെറ്റാണെന്നും ഇത്തരത്തിൽ 254 പേർ മരണത്തിന് കീഴടങ്ങിയതായും സന്നദ്ധ സംഘടനകൾ അവകാശപ്പെട്ടു.

ഭോപ്പാൽ വാതക ദുരന്തത്തിന്റെ 36-ാം വാർഷികത്തിന്റെ തലേദിവസമാണ് വ്യത്യസ്ത മരണ കണക്കുകൾ പുറത്തുവിട്ടത്.

1984 ഡിസംബറിൽ 23ന് നടന്ന വാതക ദുരന്തത്തിൽ 15,000 ത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. അഞ്ചുലക്ഷത്തിലധികം പേരെ ദുരന്തം ബാധിച്ചിരുന്നു.

ഡിസംബർ രണ്ടുവരെ കൊവിഡ് ബാധിച്ച് ഭോപ്പാൽ ജില്ലയിൽ 518 പേർ മരിച്ചു. ഇവരിൽ 102 പേർ ഭോപ്പാൽ വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ്. ഈ 102 പേരിൽ 69 പേർ 50 വയസിന് മുകളിലുള്ളവരാണ്. ബാക്കി 33 പേർ 50 വയസിന് താഴെയുള്ളവരാണ്. ''ഭോപ്പാൽ ഗ്യാസ് ട്രാജഡി റിലീഫ് ആൻഡ് റിഹാബിലിറ്റേഷൻ ഡയറക്ടർ ബസന്ത് കുറെ പറഞ്ഞു.

എന്നാൽ ബി.ജി.ഐ.എ എന്ന സന്നദ്ധസംഘടന പറയുന്നത് ' സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് പ്രകാരം 518 പേരാണ് ഭോപ്പാൽ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 450 ആളുകളുടെ വീടുകളിൽ തങ്ങൾ സന്ദർശനം നടത്തി. ഇതിൽ 254 പേരും ഭോപ്പാൽ വാതക ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരാണ്'.

ഭോപ്പാൽ വാതക ദുരന്തബാധിതരെ ചികിത്സിക്കുന്നതിനായി ഏർപ്പാടാക്കിയ സ്മാർട്ട് കാർഡ് ഇവരുടെ കൈവശമുണ്ട്. ദുരന്ത നഷ്ടപരിഹാരത്തിന്റെ രേഖകളടക്കം ഇവരുടെ പക്കലുണ്ടെന്നും എൻ.ജി.ഒ അവകാശപ്പെട്ടു.