
ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം ഉടൻ പരിഹരിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സങ്കീർണമായ കാര്യങ്ങൾ പരിഹരിക്കാൻ സമയമെടുക്കും. നയതന്ത്രപരമായാണ് വിഷയം കൈകാര്യം ചെയ്യാൻ ഉദ്ദേശിക്കുന്നെതെന്നും ജയശങ്കർ പറഞ്ഞു. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണിത്.
1986 ൽ അരുണാചൽ പ്രദേശിലെ സുംദൊരോങ് ചുവിലുണ്ടായ ചൈനീസ് കടന്നുകയറ്റത്തിന് സമാനമാണ് ഇപ്പോഴത്തേതെന്നാണ് വിദേശകാര്യമന്ത്രി സൂചന നൽകുന്നത്. എട്ട് വർഷമെടുത്താണ് അന്ന് സുംദൊരോങ് ചുവിലുണ്ടായ ഇന്ത്യ-ചൈന പ്രശ്നം പരിഹരിച്ചത്. അതിർത്തിയിൽ ഈ വർഷം ഉണ്ടായ തർക്കത്തിനും സംഘർഷത്തിനും സമവായം ഉണ്ടാക്കുക എന്നതിലുപരി വിശാല കാഴ്ചപ്പാടോടെ പ്രശ്നം പരിഹരിക്കുക എന്നതിനാണ് ഊന്നൽ നൽകേണ്ടത് . ഇന്ത്യ ഉയർത്തിയ അടിസ്ഥാന പരമായ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാതെ വിട്ടുവീഴ്ച ചെയ്യില്ലെന്നതാണ് നിലപാട്. ആഗോള തലത്തിൽ ചൈനക്ക് തിരിച്ചടിയേറ്റിരിക്കുന്ന സമയമാണിതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ ആറ് മാസത്തിലധികമായി ഇന്ത്യയും ചൈനയും ഏറ്റുമുട്ടലിന്റെ വക്കിലാണ്. ഇന്ത്യ ചൈന അതിർത്തി വിഷയം പരിഹരിക്കാൻ ഇതിനോടകം നടന്ന നയതന്ത്ര സൈനിക ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഒടുവിൽ ചേർന്ന എട്ടാമത് കമാൻഡർ തല ചർച്ചയും തീരുമാനമാകാതെയാണ് പിരിഞ്ഞത്.