split-captaincy

രോഹിത് ശർമ്മയെ ഷോർട്ട് ഫോർമാറ്റുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടനാക്കണമെന്ന ആവശ്യം ശക്തമാകുന്നു

ദുബായ്‌യിൽ ഐ.പി.എൽ കഴിഞ്ഞ ഇന്ത്യൻ ടീം ആസ്ട്രേലിയയിലേക്ക് പുറപ്പെടും മുമ്പ് രോഹിത് ശർമ്മ സംഘത്തിലുണ്ടാകുമോ എന്നത് വലിയ സസ്പെൻസായിരുന്നു. രോഹിതിനെപ്പറ്റി നായകൻ വിരാട് കൊഹ്‌ലിയോട് ചോദിച്ച പത്രപ്രവർത്തകർക്ക് ലഭിച്ച മറുപടി ഒന്നും തനിക്കറിയില്ലെന്നായിരുന്നു. വൈസ് ക്യാപ്ടന്റെ പരിക്കിനെപ്പറ്റി ഒന്നുമറിയാത്ത ക്യാപ്ടനോ എന്ന് കേട്ടവർ നെറ്റിചുളിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയേഴ്സായ ഇരുവരും തമ്മിൽ കുറച്ചുനാളായി അത്ര സുഖത്തിലല്ലെന്ന വാർത്തകളാണ് പിന്നെ പുറത്തുവന്നത്. ഏകദിനത്തിലും ട്വന്റി-20യിലും കൊഹ്‌ലിയെ നായകസ്ഥാനത്തുനിന്ന് മാറ്റി രോഹിതിന് അവസരം നൽകണമെന്ന ആവശ്യവുമായി ചില മുൻ താരങ്ങൾ ഇതിനിടെ രംഗപ്രവേശം ചെയ്യുകയുമുണ്ടായി.ആദ്യ രണ്ട് ഏകദിനങ്ങളിൽ ഇന്ത്യ തോറ്റത് ഇവരുടെ ആവശ്യത്തിന് ചൂടും പകർന്നു.എതായാലും രോഹിത് ആസ്ട്രേലിയൻ പര്യടനത്തിന് ഇതുവരെ പോകാത്തതിനാൽ വലിയ വിവാദത്തിലേക്ക് മാറിയില്ലെന്ന് മാത്രം.

വ്യത്യസ്ത ഫോർമാറ്റുകളിൽ വ്യത്യസ്ത ക്യാപ്ടൻമാർ എന്നത് സമീപകാല ഇന്ത്യൻ ക്രിക്കറ്റിൽ അതിശയമല്ല.2014ൽ ടെസ്റ്റ് ക്യാപ്ടൻസി വിരാടിന് കൈമാറിയ ധോണി 2017ജനുവരി വരെ ഏകദിന ,ട്വന്റി-20 ഫോർമാറ്റുകളിൽ ക്യാപ്ടനായി തുടർന്നിരുന്നു.അതുപോലെ കൊഹ്‌ലി ടെസ്റ്റിലും രോഹിത് ട്വന്റി-20യിലും ഇന്ത്യയെ നയിക്കുന്നതാണ്നല്ലതെന്ന് ഒരു വിഭാഗം മുൻകാല താരങ്ങൾ പറയുന്നുണ്ട്. കൊഹ‌്ലിയുടെ ജോലിഭാരം കുറയ്ക്കാനും രോഹിതിലെ നായകന് അർഹമായ അംഗീകാരം നൽകാനും ഇത് ഉപകരിക്കും.

തന്നിലെ നായകശേഷി ഐ.പി.എല്ലിൽ നന്നായി തെളിയിച്ച ആളാണ് രോഹിത്. ആറ് തവണ ഐ.പി.എൽ കിരീടം നേടിയ രോഹിത് ഇതിൽ അഞ്ചുതവണയും മുംബയ് ഇന്ത്യൻസിന്റെ ക്യാപ്ടനായിരുന്നു. അതേസമയം കൊഹ്‌ലിയാകട്ടെ ആദ്യ സീസൺ മുതൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിൽ കളിക്കുകയും 2013മുതൽ നയിക്കുകയും ചെയ്യുന്നു. ഒറ്റത്തവണപോലും കിരീടം നേടിക്കാെടുക്കാൻ കഴിഞ്ഞിട്ടുമില്ല. കൊഹ്‌ലിയുടെ കരിയറിലെ തന്നെ വലിയ നാണക്കേടാണിത്.

ട്വന്റി-20 ഫോർമാറ്റിൽ കൊഹ്‌ലിയെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും രോഹിതാണ്.ആ സ്ഥിതിക്ക് രോഹിതിന് അവസരം നൽകുന്നതിൽ എന്താണ് തെറ്റെന്നാണ് പലരും ചോദിക്കുന്നത്. തന്നെ ട്വന്റി-20 ക്യാപ്ടൻസിയിലേക്ക് പരിഗണിക്കണമെന്ന് രോഹിതും ആശിച്ചിട്ടുണ്ടാകാം. ഐ.പി.എല്ലിനി‌ടെ പരിക്കേറ്റ രോഹിതിന് പ്ളേ ഓഫിൽ കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയെങ്കിലും പ്ളേഓഫിന് മുമ്പ് തന്നെ രോഹിത് കളിക്കളത്തിൽ തിരിച്ചെത്തിയിരുന്നു. ഇത് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലി അടക്കമുള്ളവരെ അതൃപ്തിപ്പെടുത്തിയെങ്കിലും തന്നെ ക്യാപ്ടനാക്കിയ മുംബയ് ഇന്ത്യൻസിനോടാണ് കൂടുതൽ കൂറ് എന്ന് രോഹിത് തെളിയിച്ചു.കൊഹ്‌ലിക്ക് കീഴിൽ ഓസീസിൽ ഏകദിന,ട്വന്റി-20 പരമ്പരകളിൽ കളിക്കേണ്ട സാഹചര്യം പരിക്കിന്റെ പേരിൽ ഒഴിവാക്കുകയും ചെയ്തു.

ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ ഇശാന്ത് ശർമ്മയ്ക്കൊപ്പം ഫിറ്റ്നസ് വീണ്ടെടുക്കുകയാണ് രോഹിത്. ടെസ്റ്റ് പരമ്പരയിൽ കളിക്കാനായി ഓസീസിലെത്തും എന്നാണ് അറിയുന്നത്.