
കൊച്ചി: പെട്രോൾ വില ലിറ്ററിന് ഇന്നലെ 17 പൈസ വർദ്ധിച്ച് 84.66 രൂപയിലെത്തി (തിരുവനന്തപുരം വില). 20 പൈസ വർദ്ധിച്ച് 78.57 രൂപയിലായിരുന്നു ഇന്നലെ ഡീസൽ വ്യാപാരം. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം നവംബർ 19 മുതലാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില കൂട്ടിത്തുടങ്ങിയത്.
കൊവിഡ് വാക്സിൻ സജ്ജമാകുന്നതും ഉത്പാദക രാജ്യങ്ങൾ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നതും സംബന്ധിച്ച വാർത്തകളെ തുടർന്ന് രാജ്യാന്തര ക്രൂഡ് വിലയിലുണ്ടായ വർദ്ധനയാണ് ഇന്ധനവില വർദ്ധനയ്ക്ക് കാരണം. രണ്ടാഴ്ചയ്ക്കിടെ 10 തവണയായി പെട്രോളിന് 1.77 രൂപയും ഡീസലിന് 2.16 രൂപയുമാണ് കൂടിയത്.
ജൂലായ്ക്ക് ശേഷം ആദ്യമായി കഴിഞ്ഞദിവസം എണ്ണക്കമ്പനികൾ എൽ.പി.ജി വിലയും കൂട്ടിയിരുന്നു. ഗാർഹിക സിലിണ്ടറിന് 50 രൂപ വർദ്ധിച്ച് 654.43 രൂപയായി. വാണിജ്യ സിലിണ്ടറിന് വില 1,244.43 രൂപയിൽ നിന്നുയർന്ന് 1,299.43 രൂപയുമായി.