
സ്ത്രീയെ അവളുടെ അവയവങ്ങളിലേക്ക് ചുരുക്കുകയും അവളുടെ കടമകളെ 'അമ്മ' എന്ന ചുമതലയിലേക്ക് മാത്രം ഒതുക്കുകയും ചെയ്യുന്നത് പിതൃമേധാവിത്ത സമൂഹങ്ങളിൽ നിലനിൽക്കുന്ന ഒരു സംഗതിയാണ്. ഇതു കാരണം സ്വന്തം ശരീരത്തെ സംബന്ധിച്ചുള്ള തിരഞ്ഞെടുപ്പുകളിലും അതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങളിലും പുറത്തു നിന്നുമുള്ളവരുടെ അനാവശ്യ ഇടപെടലുകൾ സ്ത്രീകൾക്ക് നേരിടേണ്ടതായി വരുന്നു. ഇതുമൂലം സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് പോലും സ്ത്രീക്ക് സ്വാതന്ത്ര്യമില്ലാതെ വരികയും ചെയ്യുന്നു. ഏറെ പുരോഗമിച്ചതെന്ന് നാം നിരന്തരം പറയുമ്പോഴും കേരള സമൂഹത്തിലും ഈ നിലയിലെ അരക്ഷിതാവസ്ഥകൾ വ്യാപകമായി സ്ത്രീ നേരിടേണ്ടി വരുന്നുണ്ടെന്നത് അവഗണിക്കാൻ പറ്റാത്ത വസ്തുതയാണ്. ഈ അധികാര പ്രയോഗങ്ങൾ പെണ്ണിന്റെ ഗര്ഭപാത്രത്തിലേക്ക് വരെ നീളുന്നതിനെ കുറിച്ചാണ് ഡോക്ടർ നെൽസൺ ജോസഫ് തന്റെ ഫേസ്ബുക്ക് കുറിപ്പ് വഴി സംസാരിക്കുന്നത്.
കുറിപ്പ് ചുവടെ:
'ഉടമസ്ഥയ്ക്കൊഴിച്ച് ബാക്കി ലോകത്തുള്ളവർക്കെല്ലാം എങ്ങനെ , എപ്പോൾ ഉപയോഗിക്കണം, എന്തു ചെയ്യണമെന്നൊക്കെ അഭിപ്രായമുള്ള ഒരു ശരീരാവയവമുണ്ടെങ്കിൽ അത് ദാ ഈ ഗർഭപാത്രമായിരിക്കും.
ഗർഭപാത്രത്തിലേക്കുള്ള വഴിയിൽ പെൺകുഞ്ഞുണ്ടാവുന്ന വഴിക്കേ മാനം ഫിറ്റ് ചെയ്ത് വച്ച് കാത്തിരിക്കുന്ന ഫാമിലി ആൻഡ് നാട്ടുകാരിൽ തുടങ്ങുന്നു ആ സംഭവം.
സ്വഭാവികമായി അവിടെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയ - ആർത്തവം അശുദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന മതങ്ങളും മതാനുയായികളും. അതുകൊണ്ടു മാത്രം മാറ്റിനിറുത്തപ്പെടുന്ന സ്ത്രീകൾ.
ഇനി അതിനുള്ളിൽ മറ്റൊരു ജീവന് അഭയം കൊടുക്കാനാണെങ്കിലോ?
അതിന്റെ പങ്കാളിയെ സ്വയം തിരഞ്ഞെടുത്താൽ ആകാശം ഇടിഞ്ഞു വീഴുമെന്നാണു പൊതുവെ.
അതൊഴിവാക്കാൻ നിയമം അനുവദിക്കുന്ന സമയമെത്തുമ്പൊഴേ ആരെയെങ്കിലും കണ്ടുപിടിക്കാൻ വെപ്രാളപ്പെടുന്ന എത്രയോ പേരുണ്ട്.
അതു കഴിഞ്ഞാൽ മേൽപ്പടിയാൻ താമസം തുടങ്ങിയോ എന്നറിയാനുള്ള തത്രപ്പാടുകളായി.
അതിപ്പൊ ഇന്നാരെന്നില്ല, വഴിയേ പോവുന്ന ആരു വേണേലും ചോദിക്കാം വിശേഷമായോ എന്ന്. ഇല്ലെന്ന് പറഞ്ഞ് ഒഴിവാക്കാമെന്ന് കരുതണ്ട. സെക്കൻഡ് ക്വസ്റ്റ്യൻ റെഡിയാ. . .കുഴപ്പം വല്ലതുമുണ്ടോ ? എന്ന്
ശെടാ. . . .ഇതു നല്ല കൂത്ത്. വീട്ടിൽ ചുമ്മാ ഒരു മുറികിടക്കുന്നു. തൽക്കാലം അത് വാടകയ്ക്ക് കൊടുക്കുന്നില്ല. അതിപ്പൊ മുറിക്കെന്തേലും കുഴപ്പമുണ്ടായിട്ടാണെന്നാണോ?
ഹ തീർന്നില്ല. .ഒന്നേലൊന്നും നിർത്താൻ സമ്മതിക്കില്ല. തുരു തുരാ വേണം എന്നു പറയുന്നോരുമുണ്ട്. എണ്ണം വേണമത്രേ, അംഗബലം വർദ്ധിപ്പിക്കൽ. . .
അതിനിടയ്ക്ക് അമ്മയ്ക്ക് ഫിസിക്കലായോ ഇമോഷണലായോ ഉണ്ടാവുന്ന മാറ്റങ്ങൾ ചിലപ്പൊ സൗകര്യമില്ലായ്മയായും മടിയായുമൊക്കെ മുദ്രകുത്തി ആപത്തിൽ ചാടിക്കുന്നോരും നിരവധി. . . .
പ്രസവം എത്ര ആവാമെന്നും എത്ര ഗ്യാപ് വേണമെന്നുമൊക്കെയുള്ളതിലും നിറുത്തുന്നതിലുമടക്കം സ്വന്തം അഭിപ്രായം പറയുന്നതിനും സാധിക്കുന്നതിനും കടമ്പകൾ ഏറെയാണ് സ്ത്രീകൾക്ക്. . . .
ആ ലാസ്റ്റ് പറഞ്ഞതിനു ഭർത്താവിന്റെ അനുവാദം വേണ്ടാന്നാണു കേരള സർക്കാരിന്റെയും കേന്ദ്ര 2006 ഗൈഡ് ലൈനുകളിൽ കണ്ടത്.
തത്വത്തിൽ അങ്ങനാണെങ്കിലും അവടെ വയറ്റിലൊരു ഗർഭപാത്രമുണ്ടോ, അഭിപ്രായം അങ്ങ് മൂന്നാറീന്നും വരും
മറ്റേതെങ്കിലും അവയവത്തിന്ന് ഈ അവസ്ഥയുള്ളതായി തോന്നുന്നില്ല. . . .
അപ്പൊ ഒരൊറ്റക്കാര്യമേ പറയാനുള്ളൂ. . .
ദിസീസ് നോട്ട് പബ്ലിക് പ്രോപ്പർട്ടി.
ഇത് പൊതുമുതലല്ല.
Just remember that'