
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഐ.ടി മന്ത്രാലയം നിരോധിച്ച ചെെനീസ് മൊബെെൽ ഗെയിം പബ്‌ജി ഇന്ത്യയിൽ വീണ്ടുമെത്തുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഗെയിം വീണ്ടും ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി ദീപാവലിയോട് അനുബന്ധിച്ച് പ്രഖ്യാപനവും നടത്തിയിരുന്നു.  എന്നാൽ ഗെയിമർമാരെ നിരാശപ്പെടുത്തി കൊണ്ട് പബ്‌ജി ഉടൻ ഇന്ത്യയിൽ റീലോഞ്ച് ചെയ്യില്ലെന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്.
 
ഇൻസെെഡ് സ്‌പോർട്ടാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്‌തത്. പബ്‌ജി മൊബെെൽ ഇന്ത്യയിൽ
പ്രവർത്തനം ആരംഭിക്കുന്നതിന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.ഇതിനായി പബ്‌ജി അധികൃതർ കേന്ദ്ര ഐ.ടി മന്ത്രാലയവുമായി കൂടികാഴ്‌ചയ്ക്ക് അനുമതി തേടിയിരുന്നു. എന്നാൽ പബ്‌ജി പ്രൊമോട്ടർമാരുടെ അഭ്യർത്ഥനയോട് മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് ഇൻസെെഡ് സ്‌പോർട്ട് റിപ്പോർ ട്ട് ചെയ്യുന്നത്.
"കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ പബ്‌ജി അധികൃതർ തയ്യാറാണ്. എന്നാൽ അഭ്യർത്ഥനയോട് ഐ.ടി മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല" പബ്‌ജിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണ് റീലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്‌ജി കോർപ്പറേഷൻ ഉറപ്പുനൽകിയിരുന്നു. ഐ.ടി മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിക്കാത്തതിനാൽ ഗെയിം എന്ന് റിലീസാകും എന്നതിൽ വ്യക്തത വന്നിട്ടില്ല.