
 ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരിയെന്ന പട്ടം ചൂടി വീണ്ടും റോഷ്‌നി നാടാർ
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതകളിൽ എച്ച്.സി.എൽ ടെക്‌നോളജീസിന്റെ ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര വീണ്ടും ഒന്നാമത്. കോട്ടക് വെൽത്ത് ഹുറൂണിന്റെ 'ലീഡിംഗ് വെൽത്തി വിമൻ - 2020" പട്ടികയിൽ 54,850 കോടി രൂപയുടെ ആസ്‌തിയുമായാണ് റോഷ്‌നി ഒന്നാമതെത്തിയത്. ഔഷധ നിർമ്മാണ കമ്പനിയായ ബയോകോണിന്റെ മേധാവി കിരൺ മജുംദാർ ഷായാണ് 36,600 കോടി രൂപയുമായി രണ്ടാമത്.
ആയിരം കോടി രൂപയോ അതിലധികോ ആസ്‌തിയുമുള്ള 100 പേരാണ് പട്ടികയിലുള്ളത്. ഇവരുടെ സംയുക്ത ആസ്‌തി 2.72 ലക്ഷം കോടി രൂപയാണ്. 53 ആണ് ഇവരുടെ ശരാശരി വയസ്; ശരാശരി ആസ്‌തി 2,725 കോടി രൂപ.
എച്ച്.സി.എൽ ടെക്‌നോളജീസിനെയും എച്ച്.സി.എൽ ഇൻഫോസിസ്‌റ്റംസിനെയും നിയന്ത്രിക്കുന്ന എച്ച്.സി.എൽ കോർപ്പറേഷന്റെ സി.ഇ.ഒയും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമാണ് റോഷ്‌നി. പട്ടികയിലെ 19 പേർ ഹുറൂൺ ഇന്ത്യ അതിസമ്പന്ന പട്ടികയിലും ഉൾപ്പെടുന്നതാണ്. ആറുപേർ ഹുറൂൺ ആഗോള അതിസമ്പന്ന പട്ടികയിലുമുണ്ട്.
സ്‌ത്രീശക്തികൾ
(അതിസമ്പന്നരായ ഇന്ത്യൻ സ്‌ത്രീകളും ആസ്‌തിയും, പട്ടികയിലെ ആദ്യ 5 പേർ - തുക കോടിയിൽ)
1. റോഷ്‌നി നാടാർ : ₹54,850
2. കിരൺ ഷാ : ₹36,600
3. ലീന ഗാന്ധി തിവാരി : ₹21,340
4. നിലിമ മോട്ടപർത്തി : ₹18,620
5. രാധ വെമ്പു : ₹11,590