farmers-strike

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും കർഷക നേതാക്കളും നടത്തിയ ഇന്നലത്തെ ചർച്ചയിലും തീരുമാനമായില്ല. താങ്ങുവില ഉറപ്പാക്കാൻ ഭേദഗതി ഉൾപ്പെടെയുള്ള കൂടുതൽ വിട്ടുവീഴ്ചകൾക്ക് കേന്ദ്രം തയാറായെങ്കിലും ഡൽഹി അതിർത്തികൾ സ്തംഭിച്ച് ഒരാഴ്ചയിലേറെയായി നടക്കുന്ന സമരം പിൻവലിക്കാൻ കർഷകനേതാക്കൾ വിസമ്മതിച്ചു. നിയമം പൂർണമായും പിൻവലിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. നാളെ വീണ്ടും ചർച്ച നടക്കും.

ഇന്നലെ വിജ്ഞാൻ ഭവനിൽ ഉച്ചയ്ക്ക് 12ന് ആരംഭിച്ച ചർച്ച ഏഴ് മണിക്കൂറിലേറെ നീണ്ടു

കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറിനെ കൂടാതെ റെയിൽവേമന്ത്രി പിയുഷ് ഗോയൽ, വാണിജ്യ വ്യവസായ സഹമന്ത്രിയും പഞ്ചാബിൽ നിന്നുള്ള എം.പിയുമായ സോം പ്രകാശ് എന്നിവരും സമരം നയിക്കുന്ന സംയുക്ത കിസാൻ മോർച്ചയിൽ നിന്നുള്ള 40 നേതാക്കളും പങ്കെടുത്തു.

കർഷകർ അറിയിച്ച ആശങ്കകൾ വിശദമായി കേട്ട തോമർ പൂർണമായും അനുനയ നിലപാടാണ് എടുത്തത്.

താങ്ങുവില തുടരുമെന്ന് കർഷകർക്ക് ഉറപ്പ് നൽകിയതായി യോഗശേഷം കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ പറഞ്ഞു. നിയമപരമായി കർഷകർക്ക് കൂടുതൽ അധികാരം നൽകുന്നത് കേന്ദ്രം പരിഗണിക്കും. സർക്കാരിന് ഈഗോ ഇല്ല. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

കേന്ദ്രവുമായുള്ള ചർച്ചയിൽ നേരിയ പുരോഗതിയുള്ളതായി ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.

അമരന്ദീർ-ഷാ കൂടിക്കാഴ്ച

കർഷക നേതാക്കളുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഷായുടെ വസതിയിൽ 12 മണിയോടെയായിരുന്നു കൂടിക്കാഴ്ച.
ചർച്ച കർഷകരും കേന്ദ്രവുമായാണെന്നും തനിക്ക് അതിൽ ഒന്നും ചെയ്യാനില്ലെന്ന് അമരീന്ദർ സിംഗ് വ്യക്തമാക്കി. കർഷക പ്രതിഷേധത്തിന് അമരീന്ദർ സിംഗ് സജീവമായ പിന്തുണ നൽകുന്നതായി നിരവധി ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു.

കേന്ദ്രനിലപാട് ഇങ്ങനെ

 മിനിമം താങ്ങുവില ഇല്ലാതാവുമെന്ന കർഷകരുടെ ആശങ്ക പരിഹരിക്കാൻ ഭേദഗതി

 എ.പി.എം.സികൾ കൂടുതൽ ശക്തിപ്പെടുത്തും

കരാർ കൃഷിയിൽ തർക്കപരിഹാരത്തിനുള്ള അധികാരം സബ് ഡിവിഷണൽ മജിസ്ട്രേറ്റിൽ കോടതികൾക്ക് നൽകുന്ന വ്യവസ്ഥ പരിഗണിക്കാം

 കാർഷികാവശിഷ്ടങ്ങൾ കത്തിച്ചാലുള്ള ഒരു കോടി രൂപ പിഴ പുനപരിശോധിക്കും.

 ചെറുകിട കർഷകരുടെ അവകാശ സംരക്ഷണത്തിന് വ്യവസ്ഥയുണ്ടാക്കാം

 പാൻ കാർഡ് ഉപയോഗിച്ച് ചന്തകൾക്കു പുറത്തും വ്യാപാരം നടത്താമെന്ന വ്യവസ്ഥയിലെ ആശങ്കകളും പരിഗണിക്കാം

അതിർത്തിയിൽ കൂടുതൽ കർഷകർ, സേനാ വിന്യാസം

കേന്ദ്രവുമായുള്ള ചർച്ച പുരോഗമിക്കുന്നതിനിടെ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലെത്തി. പഞ്ചാബിൽ നിന്ന് ട്രാക്ടറുകളും ട്രക്കുകളും കൂട്ടത്തോടെയെത്തിയതോടെ ഡൽഹി - മീററ്റ് ദേശീയപാത അടച്ചു. നിഹാംഗ് സിഖ് വിഭാഗക്കാരും കർഷകർക്ക് പിന്തുണയായി എത്തി. സിംഘു, തിക്രി, നോയ്ഡ, ഗാസിപ്പൂർ അതിർത്തികൾ പൂർണമായും അടച്ചിട്ടു. കൂടുതൽ അർധസൈനികരെ വിന്യസിച്ചു. സുരക്ഷയ്ക്കായി 45 കമ്പനി അർധസൈനികരെ വിന്യസിക്കാനും തീരുമാനിച്ചു.