green

വാഷിംഗ്ടൺ:അമേരിക്കയിൽ സ്ഥിര താമസാനുമതി (ഗ്രീൻ കാർഡ്)​ കാത്ത് കുടുംബസമേതം കഴിയുന്ന കുടിയേറ്റക്കാരുടെ തൊഴിലധിഷ്‌ഠിത വിസകളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിക്കാനുള്ള ബിൽ സെനറ്റ് ഏകകണ്ഠമായി പാസാക്കി. 2019ജൂലായ് 10ന് പ്രതിനിധിസഭ 65നെതിരെ 365 വോട്ടിന് ബില്ല് പാസാക്കിയിരുന്നു. അമേരിക്കയിൽ ഗ്രീൻ കാർഡിന് കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എച്ച്-വൺ ബി വിസയിൽ അമേരിക്കയിൽ എത്തുന്ന ഇന്ത്യൻ ഐ.ടി പ്രോഫഷണലുകളിൽ പതിറ്റാണ്ടുകളായി ഗ്രീൻ കാർഡ് കാത്തിരിക്കുന്നവരുണ്ട്. നിലവിൽ ഒരു വർഷം ഏഴ് ശതമാനമായിരുന്ന ഇത്തരം വിസകൾ പതിനഞ്ച് ശതമാനമായാണ് വർദ്ധിപ്പിക്കുന്നത്.

ഫെയർനെസ് ഫോർ ഹൈ സ്‌കിൽഡ് ഇമിഗ്രന്റ്സ് ആക്ട് എന്ന പേരിലുള്ള ബിൽ ബുധനാഴ്ചയാണ് സെനറ്റ് പാസാക്കിയത്. ഉറ്റാ സംസ്ഥാനത്തെ റിപ്പബ്ലിക്കൻ സെനറ്റർ മൈക്ക് ലീ ആണ് ബിൽ അവതരിപ്പിച്ചത്.

മൂന്ന് കാറ്റഗറികളിലായി 2019ൽ 17,​000 ഇന്ത്യക്കാർക്കാണ് ഗ്രീൻ കാർഡ് ലഭിച്ചത്. പുതിയ നിയമത്തോടെ ഇതിന്റെ എണ്ണം വൻതോതിൽ വർദ്ധിക്കും. നേരത്തേ ഗ്രീൻ കാർഡ് പരിമിതപ്പെടുത്തിയിരുന്നതിനാൽ ഗ്രീൻകാർഡില്ലാത്ത ഇന്ത്യൻ പ്രൊഫഷണലുകളുടെ അമേരിക്കയിലെ താമസത്തിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമായിരുന്നു.