
ലക്‌നൗ: വിവാഹത്തിന്റെ പേരിൽ നിർബന്ധിച്ച് മതം മാറ്റുന്നത് തടയുവാനായി യു.പി സർക്കാർ പുറപ്പെടുവിച്ച പ്രത്യേക ഓർഡിനൻസ് പ്രകാരം സംസ്ഥാനത്ത് ആദ്യ കേസ് രജിസ്റ്റർ ചെയ്‌തു. കഴിഞ്ഞ ദിവസം ലൗ ജിഹാദ് നിയമം യു.പിയിൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെയാണ് നടപടി.
ബറേലി ജില്ലയിലാണ് സംഭവം.ഒവൈസ് അഹമ്മദ് എന്ന മുസ്ലിം യുവാവിനെതിരെ 20കാരിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിവാഹിതയായ പെൺകുട്ടിയെ തട്ടികൊണ്ട് പോകുമെന്ന് ഒവൈസ് അഹമ്മദ് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവ് നൽകിയ പരാതിയിൽ പറയുന്നത്.
ഒരു വർഷം മുമ്പ് പെൺകുട്ടി ഒവൈസ് അഹ്മദുമായി നാട് വിട്ട് പോയിരുന്നു.മുംബയ്‌ലേക്കുള്ള യാത്രയിൽ
ഭോപാലിൽ വച്ച് ഇവരെ പിടികൂടി. ഇയാൾക്കൊപ്പം പോയതാണെന്നും ഇരുവരും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതായും പെൺകുട്ടി പറഞ്ഞു. തുടർന്ന് ഇയാൾക്കെതിരെ കുടുംബം പരാതി നൽകിയിരുന്നു.
കുറച്ചു മാസങ്ങൾക്ക് ശേഷം പെൺകുട്ടി മറ്റൊരു വിവാഹം കഴിച്ചു. എന്നാൽ അഹമ്മദ് ഇപ്പോൾ പെൺകുട്ടിയെ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് പരാതി. സംഭവത്തിൽ ഓർഡിനൻസ് പ്രകാരം അഹമ്മദിനെതിരെ കേസെടുത്തു.ഇതിനൊപ്പം സെക്‌ഷൻ 506, 504 വകുപ്പുകൾ ചേർത്ത് കേസ് രജിസ്‌റ്റർ ചെയ്‌തതായും യു.പി പൊലീസ് അറിയിച്ചു.
അതേസമയം അഹമ്മദ് ആരോപണങ്ങൾ നിരസിച്ചു. "ലവ് ജിഹാദ് നിയമപ്രകാരം എന്നെ അറസ്റ്റ് ചെയ്തു. എനിക്ക് ആ സ്ത്രീയുമായി യാതൊരു ബന്ധവുമില്ല, ഒരു വർഷം മുമ്പ് അവൾ വിവാഹിതയായി. ഞാൻ നിരപരാധിയാണ്." അഹമ്മദ് പറഞ്ഞു.