
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സ്വപ്ന സുരേഷിന്റെ കേസുകൾ ഒഴിഞ്ഞ് അഭിഭാഷകൻ ജിയോ പോൾ. ഇന്ന് രാവിലെ കസ്റ്റംസ് കേസിൽ ഹാജരായ ശേഷമാണ് വക്കാലത്ത് ഒഴിയുകയാണെന്ന് അഭിഭാഷകൻ അറിയിച്ചത്. പ്രതി ഭാഗത്തിനുള്ള രേഖകൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കൈമാറിയപ്പോൾ അഭിഭാഷകൻ അത് സ്വീകരിക്കാനും കൂട്ടാക്കിയില്ല.
ശേഷം സ്വപ്നയുടെ റിമാൻഡ് കാലാവധി നീട്ടുന്ന കേസ് പരിഗണിച്ചപ്പോൾ താൻ വക്കാലത്ത് ഒഴിയുകയാണെന്ന് ജിയോ പോൾ കോടതിയെ അറിയിച്ചു. തുടർന്ന് കേസിന്റെ രേഖകൾ സ്വപ്നയുടെ ഭർത്താവിന് കൈമാറി. സ്വപ്ന ഇടയ്ക്കിടെ മൊഴിമാറ്റുന്നതാണ് അഭിഭാഷകൻ കേസുകളിൽ നിന്നുമുള്ള തന്റെ പിന്മാറ്റത്തിന് കാരണമായി പറയുന്നത്.
സ്വർണ്ണക്കത്തുമായി ബന്ധപ്പെട്ട് അഭിഭാഷനോട് ആദ്യം വിശദീകരിച്ച കാര്യങ്ങളല്ല പിന്നീട് അന്വേഷണ സംഘങ്ങളോട് അവർ പറഞ്ഞതെന്നും ജിയോ പറയുന്നു. ശിവശങ്കറിന് കേസിൽ പങ്കാളിത്തമില്ലെന്ന് സ്വപ്ന ആദ്യംപറഞ്ഞെങ്കിലും പിന്നീട് അദ്ദേഹത്തിന് പങ്കുണ്ടെന്ന് സ്വപ്ന നിലപാട് മാറ്റി.
മാത്രമല്ല, മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസികൾ തന്നെ നിർബന്ധിക്കുന്നു എന്ന ശബ്ദ സന്ദേശം പുറത്തു വിടുന്നതും അഭിഭാഷകൻ അറിഞ്ഞിരുന്നില്ല.
ഇതിനു ശേഷമാണ്, കസ്റ്റംസ് കസ്റ്റഡിയിൽ വച്ച് രഹസ്യമൊഴി കൊടുക്കാൻ തീരുമാനിച്ചത്. ഇക്കാര്യവും സ്വപ്ന അഭിഭാഷകനുമായി ആലോചിച്ചിരുന്നില്ല. കേസിൽ സ്വപ്നയുടെയും മറ്റൊരു പ്രതിയായ സരിത്തിന്റെയും രഹസ്യമൊഴി രേഖപ്പെടുത്താൻ കസ്റ്റംസ് തീരുമാനിച്ചിരുന്നു.