
തിരുവന്തപുരം: ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. ഏഴ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് മാത്രമാണ് ഉള്ളത്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പിൻവലിച്ചത്.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂർ,മലപ്പുറം,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.തമിഴ്നാട് രാമനാഥപുരത്തിനടുത്തു വച്ചാണ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയത്. ഇന്ന് അർദ്ധരാത്രിയോടെ തന്നെ ചുഴലിക്കാറ്റ് തീരം തൊടുമെന്നാണ് അധികൃതർ കരുതുന്നത്. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവെങ്കിലും
ബുറേവി കടന്നു പോകുന്നത് വരെ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ നാളെ സർക്കാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്കാണ് പൊതു അവധി. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കും അവധി നൽകിയിട്ടുണ്ട്. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമാല്ല.