
കട്ടപ്പന: അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ.ഇടുക്കി പീരുമേട് പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്.കേസിൽ ഭർത്താവ് രാജയെ(36) പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രിയോടെയാണ് കൊലപാതകം നടന്നത്.
ആറു വയസുകാരിയായ മകളുടെ മുന്നിൽവച്ചായിരുന്നു പ്രതി യുവതിയെ കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ രാജയും ഭാര്യയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് വാക്കത്തി ഉപയോഗിച്ചു ഇയാൾ യുവതിയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊല നടത്തിയശേഷം പ്രതി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പ്രതിയ്ക്ക് സംശയം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പേരിൽ വീട്ടിൽ കലഹം പതിവായിരുന്നെന്നും പൊലീസ് പറഞ്ഞു.പത്തുവർഷം മുമ്പ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് രാജലക്ഷ്മി രാജയ്‌ക്കൊപ്പം ഒളിച്ചോടുകയായിരുന്നു.