gayathri-babu

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ സ്ഥാനാർത്ഥികളിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റിയവരിൽ ഒരാളാണ് വഞ്ചിയൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഗായത്രി എസ് നായർ. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും എം എ ഇക്കണോമിക്‌സ് കരസ്ഥമാക്കിയ ഗായത്രി വഞ്ചിയൂർ വാർഡിലെ മുൻ കൗൺസിലർ വഞ്ചിയൂർ ബാബുവിന്റെയും സാക്ഷരത മിഷൻ ഡയറക്‌ടർ എം എസ് ശ്രീകലയുടെയും മകളാണ്. ഇതിനോടകം തന്നെ താര സ്ഥാനാർത്ഥികളിൽ ഒരാളായി മാറിയ ഗായത്രി എസ് നായർ കേരളകൗമുദി ഓൺലൈനിനോട് സംസാരിക്കുന്നു..

പുറമെ നിന്ന് നോക്കുമ്പോൾ തിരുവനന്തപുരം ജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രചാരണം നടത്തുന്ന സ്ഥാനാർത്ഥികളിൽ ഒരാളാണ് ഗായത്രി. ഇതിന്റെ പിന്നിലെ ആസൂത്രണം ആരുടേതാണ്?

നമ്മൾ തുടക്കം മുതൽ സോഷ്യൽ മീഡിയ നല്ലതു പോലെ കൈകാര്യം ചെയ്‌തതു കൊണ്ടാണ് ഇത്രയും വലിയ പബ്ലിസിറ്റി കിട്ടാൻ കാരണമെന്നാണ് തോന്നുന്നത്. എൽ ഡി എഫിന്റെ സ്ഥാനാർത്ഥി പട്ടികയാണ് ആദ്യം വന്നത്. അപ്പോൾ തന്നെ സോഷ്യൽ മീഡിയ പ്രചാരണം ഞങ്ങൾ തുടങ്ങി. ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോയെന്ന് എനിക്കറിയില്ല. വാർഡിൽ എങ്കിലും നന്നായി അറിയാൻ കഴിഞ്ഞത് അതുകൊണ്ടാണ്. ഗൃഹ സന്ദർശനമൊക്കെ ഭംഗിയായിട്ടാണ് നടത്തിയത്.

ഈ തിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം എന്തായിരുന്നു?

മുൻ കൗൺസിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയായി വിജയിച്ച ഒരാളാണ്. ഈ വാർഡിൽ ചരിത്രത്തിൽ ആദ്യമായി ഒരുപാട് മാറ്റങ്ങൾ ഉണ്ടായത് അപ്പോഴാണ്. അതിന്റെ ഒരു തുടർപ്രക്രിയ ഉറപ്പുവരുത്തുമെന്നതായിരുന്നു മുഖ്യപ്രചാരണം. വാർഡിനെ കുറേ കൂടി മെച്ചപ്പെടുത്താൻ കഴിയുന്ന പുതിയ വികസന പദ്ധതികൾ ഉണ്ടെന്നും അവ എന്തൊക്കെയാണെന്നും പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങളുടെ പ്രകടന പത്രിക ഇറങ്ങും മുമ്പ് തന്നെ നാട്ടിൽ ചെയ്യാൻ ഉദേശിക്കുന്ന കാര്യങ്ങളൊക്കെ ഫേസ്ബുക്ക് ലൈവ് വഴി പറഞ്ഞിരുന്നു. മാലിന്യ നിർമാർജനം, ഇടറോഡുകളുടെ ടാറിംഗ് ഉൾപ്പടെയുളള കാര്യങ്ങളെല്ലാം ഈ വാർഡിൽ വളരെ ഭംഗിയായി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടന്നിട്ടുണ്ട്. ആ കാര്യങ്ങൾ തുടരും. ജൈവ പച്ചക്കറി കൃഷി, ആഴ്‌ച ചന്ത ഉൾപ്പടെയുളള കാര്യങ്ങൾ നടപ്പാക്കി ഈ വാർഡിനെ ഒരു സ്‌മാർട്ട് വാർ‌‌ഡാക്കി മാറ്റാനാണ് ആഗ്രഹം.

തിരഞ്ഞെടുപ്പ് പ്രവേശനം അപ്രതീക്ഷിതമായിരുന്നോ അതോ പ്രതീക്ഷിച്ചിരുന്നോ?

അത് അപ്രതീക്ഷിതം തന്നെയായിരുന്നു. മത്സരിക്കുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല. പാർട്ടി പ്രവർത്തനവും അക്കാദമിക് പ്രവർത്തനവും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നു. എന്നാൽ പിന്നീടത് ഇങ്ങനെയായി. വാർഡിന്റെ ആവശ്യകത മനസിലാക്കി മത്സരിക്കുകയാണ്.

gayathri-babu

വഞ്ചിയൂരിൽ തന്നെ ജനിച്ചു വളർന്ന് പാർട്ടി ഓഫീസിലൊക്കെ ബാല്യവും കൗമാരവുമൊക്കെ ചെലവഴിച്ച ഒരാളാണല്ലോ. ആ അനുഭവം പങ്കുവയ്‌ക്കാമോ?

ഞാൻ ജനിച്ച് കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അമ്മയ്‌ക്ക് ഡൽഹിയിൽ ജോലി കിട്ടി അങ്ങോട്ടേക്ക് പോകേണ്ടി വന്നു. ഇവിടെ പിന്നീട് ഞാനും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛൻ മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണ്. അദ്ദേഹത്തിന് എപ്പോഴും എന്റെ കൂടെ വീട്ടിലിരിക്കാൻ കഴിയില്ലെന്ന് വന്നപ്പോൾ അദ്ദേഹം പോകുന്ന സ്ഥലങ്ങളിലൊക്കെ എന്നേയും കൊണ്ടു പോകുമായിരുന്നു. പ്രധാനമായും വഞ്ചിയൂരിലെ പാർട്ടി ഓഫീസിലാണ് എന്നെ ഇരുത്തിയിരുന്നത്. അങ്ങനെ അവിടെയുളള സഖാക്കളുമായി നല്ല ബന്ധമുണ്ടായി. അവരാണ് എന്നെ വളർത്തിയത് എന്നു തന്നെ പറയാം. അതിനുശേഷം പാ‌ർട്ടി അനുഭാവിയായി മാറുകയും ബാലസംഘത്തിൽ പ്രവർത്തിക്കുകയും എസ് എഫ് ഐയിലോട്ട് മാറുകയുമായിരുന്നു. സ്‌കൂൾ ജീവിതം അടക്കം എല്ലാം ഇവിടെയായിരുന്നു. സ്‌ക്കൂൾ ബസ് കയറി വന്നിറങ്ങുന്നത് വഞ്ചിയൂർ ജംഗ്ഷനിലാണ്. അവിടെ കുറച്ച് നേരം നിന്നിട്ടേ വീട്ടിലേയ്‌ക്ക് പോകുമായിരുന്നുളളൂ. ജംഗ്ഷ‌നിൽ വന്നുപോകുന്ന എല്ലാവരേയും കുഞ്ഞിലേ മുതൽ കാണുകയാണ്. അങ്ങനെ എല്ലാവർക്കും എന്നെ അറിയാം.

തിരഞ്ഞെടുപ്പിലെ പ്രധാന എതിരാളി യു ഡി എഫാണോ ബി ജെ പിയാണോ?

കഴിഞ്ഞ തവണ എൽ ഡി എഫ് സ്ഥാനാർത്ഥി വിജയിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയത് ബി ജെ പിയായിരുന്നു. മൂന്ന് വോട്ടിനാണ് ജയിച്ചത്. അതിനുമുമ്പ് ബി ജെ പി ഇല്ലായിരുന്നു എന്നു തന്നെ പറയാം. യു ഡി എഫിന് പ്രവർത്തന ശേഷിയില്ലാത്തത് കാരണമാണ് കഴിഞ്ഞതവണ ബി ജെ പി രണ്ടാമത് വന്നത്. എന്നാൽ മുൻ കൗൺസിലർ ആയിരുന്നയാളാണ് ഇപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി. അതുകൊണ്ടു തന്നെ യു ഡി എഫുമായിട്ടാണ് മത്സരമെന്ന് വേണമെങ്കിൽ പറയാം.

സംസ്ഥാന സർക്കാരിനെ ഒട്ടനവധി വിവാദങ്ങൾ വേട്ടയാടുകയാണ്. അതൊക്കെ ഈ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നുണ്ടോ?

ഒരിക്കലുമില്ല. രാഷ്ട്രീയ എതിരാളികൾ ധരിക്കുന്നത് സർക്കാരിന് എതിരായ നെഗറ്റീവ് പ്രചാരണം ഒരുപാട് പേരിൽ എത്തുന്നുവെന്നായിരിക്കും. വീടുകളിൽ പെൻഷനും കിറ്റും എത്തുമ്പോൾ തന്നെ സർക്കാരിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണ് മുന്നോട്ട് പോകുന്നതെന്ന് ആളുകൾക്ക് കൃത്യമായി മനസിലാകും. പ്രത്യേകിച്ച് വഞ്ചിയൂർ വാർഡിൽ അങ്ങനെയൊരു പ്രശ്‌നം തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് കരുതുന്നില്ല.

മുൻ കൗൺസിലർ എന്ന നിലയിലും അച്ഛൻ എന്ന നിലയിലും വഞ്ചയൂർ ബാബു എന്ന വ്യക്തിയേയും രാഷ്ട്രീയക്കാരനേയും എങ്ങനെയാണ് വിലയിരുത്തുന്നത്?

എന്റെ പ്രായപരിധിയിൽ നിന്ന് വളരെ ചെറിയ അനുഭവങ്ങളെ എനിക്കുളളൂ. ഞാൻ മനസിലാക്കിയിടത്തോളം വലിയ തോതിൽ ആത്മാർത്ഥതയുളള ഒരു സാമൂഹ്യപ്രവർത്തകനാണ് അദ്ദേഹം. അത് കൂടുതൽ മനസിലാകുന്നത് ഇപ്പോൾ സ്ഥാനാർത്ഥി ആയപ്പോഴാണ്. കാരണം പാർട്ടി എന്ന നിലയിൽ മുമ്പ് യാതൊരു സ്വീകാര്യതയും ഞങ്ങൾക്ക് ഈ വാർഡിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം ജയിച്ചുകഴിഞ്ഞ് ഒരുപാട് കാര്യങ്ങൾ ചെയ്‌തു. ഗൃഹസന്ദർശനത്തിന് പോകുമ്പോൾ ബാബുവിന്റെ മകളല്ലേ എന്നു ചോദിച്ചുകൊണ്ടുളള സ്വീകരണമാണ് എല്ലാ വീടുകളിൽ നിന്നും ലഭിക്കുന്നത്. അതിൽ നിന്ന് അദ്ദേഹം ഏറ്റവും മികച്ച കൗൺസിലർ ആയിരുന്നുവെന്നാണ് മനസിലാക്കുന്നത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ വാർഡിന് വേണ്ടിയും പൊതുവായും ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്‌തുവെന്നത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുളള കാര്യമാണ്. നല്ലൊരു പാർട്ടി പ്രവർത്തകനും നല്ലൊരു സാമൂഹ്യപ്രവർത്തകനും അതിൽ ഉപരി നല്ലൊരു മനുഷ്യനും കൂടിയാണ് അദ്ദേഹം.

gayathri-babu

അപരശല്യം വന്നതോടെയുണ്ടായ പേരുമാറ്റം പിന്നീട് വലിയ വിവാദമായി. സോഷ്യൽ മീഡിയയിൽ അടക്കം പലരും എടുത്തിട്ട് അലക്കുകയാണ്. അതിനൊയൊക്കെ എങ്ങനെയാണ് നോക്കി കാണുന്നത്?

ഗായത്രി ബാബു എന്ന പേരിൽ മത്സരിക്കാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. എന്റെ ഒഫിഷ്യൽ പേര് മാത്രമാണ് ഗായത്രി എസ് നായർ. അപര സ്ഥാനാർത്ഥി വന്നതുകൊണ്ടല്ല ശരിക്കും ഗായത്രി എസ് നായരെന്ന പേരായത്. അതെന്റെ ഒഫിഷ്യൽ പേരായതു കൊണ്ടാണ്. എന്റെ അച്ഛന്റെ പേര് പി. ശങ്കരൻകുട്ടി നായരെന്നാണ്. എന്നാൽ അദ്ദേഹം മത്സരിച്ചത് വഞ്ചിയൂർ ബാബു എന്ന പേരിലാണ്. കാരണം പി.ശങ്കരൻകുട്ടി നായർ എന്ന പേര് ആർക്കും അറിയില്ല. അതുപോലെ ഗായത്രി ബാബു എന്ന പേര് അനുവദിച്ച് നൽകും എന്ന് ആഗ്രഹിച്ചാണ് ഞങ്ങൾ എഴുതി കൊടുത്തത്. റിട്ടേണിംഗ് ഓഫീസറുടെ വിവേചന അധികാരമായിരുന്നു ഇക്കാര്യം തീരുമാനിക്കുന്നതൊക്കെ. ഗായത്രി എസ് നായരെന്ന് പേര് എഴുതുകയും ബ്രായ്‌ക്കറ്റിൽ ഗായത്രി ബാബുവെന്ന് ചേർക്കുകയുമായിരുന്നു. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനും കളക്‌ടർക്കുമെല്ലാം പരാതി നൽകിയിരുന്നു. എന്നാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റാതെ പോയി. അതാണ് ശരിക്കും വസ്‌തുത. സോഷ്യൽ മീഡിയയിൽ വരുന്ന ആക്ഷേപങ്ങൾ ഞാൻ ശ്രദ്ധിക്കുന്നില്ല. ഈ വാർഡിലെ ആളുകൾക്ക് വ്യക്തമായി കാര്യം മനസിലായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ സാങ്കേതികമാണെന്ന് പ്രബുദ്ധരായ വോട്ടർമാർക്ക് നന്നായി അറിയാം.

അഭ്യൂഹങ്ങളിൽ കഴിഞ്ഞ തവണ വി കെ പ്രശാന്ത് വന്നതുപോലെ പുതുമുഖമായ ഗായത്രിയുടേയും പേര് മേയർ സ്ഥാനത്തേക്ക് പറഞ്ഞുകേൾക്കുന്നുണ്ട്. എന്താണ് പ്രതികരണം?

വി.കെ പ്രശാന്ത് പാർട്ടി നിശ്‌ചയിച്ചിട്ടാണ് മേയർ ആയത്. അല്ലാതെ അദ്ദേഹത്തിന്റെ താത്പര്യം അനുസരിച്ച് വന്നതല്ല. മിടുക്കനായ കഴിവുളള കാര്യപ്രാപ്‌തിയുളള ആളെന്ന് പാർട്ടി തിരിച്ചറിഞ്ഞ് അദ്ദേഹത്തെ മേയറാക്കുകയായിരുന്നു. ഇത്തവണ ചെറുപ്പക്കാരും അനുഭവ സമ്പത്തുമുളള ധാരാളം പേരുണ്ട്. എല്ലാവരും കഴിവുളളവരാണ്. പാർട്ടി തീരുമാനിക്കും. അതനുസരിച്ച് ഞങ്ങളെല്ലാം പ്രവർത്തിക്കും.

രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോകുമോ?

എം എ ഇക്കണോമിക്‌സ് പഠിച്ച് കൊണ്ടിരുന്നപ്പോൾ തന്നെ നെറ്റും കിട്ടിയിരുന്നു. ആ സമയത്ത് സജീവമായി ഞാൻ എസ്.എഫ്.ഐയിലുമുണ്ടായിരുന്നു. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ രണ്ടും ഒരുമിച്ച് കൊണ്ടുപോകാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എന്തായാലും എനിക്ക് പി എച്ച് ഡി ചെയ്യണം. അത് എന്റെ ഈ പ്രവർത്തനങ്ങളെ ബാധിക്കാതെ മാത്രമേ ചെയ്യുകയുമുളളൂ.