
ലക്നൗ: കുടുംബത്തിന്റെ സമ്മതത്തോടെ മുസ്ളീം യുവാവിനെ വിവാഹം കഴിക്കാനുളള ഹിന്ദുയുവതിയുടെ ശ്രമം പൊലീസ് തടഞ്ഞു. ഉത്തർപ്രദേശിൽ, ലക്നൗവിനുസമീപം ദുഡാ കോളനിയിലായിരുന്നു സംഭവം. സംസ്ഥാനത്ത് അടുത്തിടെ പാസാക്കിയ നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് പ്രകാരമായിരുന്നു വിവാഹത്തിന് അനുമതി നിഷേധിച്ചതെന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിനെതിരെ ഹിന്ദു യുവ വാഹിനി പ്രവർത്തകർ പൊലീസിനെ സമീപിച്ചിരുന്നു.
24 കാരനായ യുവാവും 22 കാരിയായ യുവതിയും ഏറെ നാളായി അടുപ്പത്തിലാണ്. ഇരുകുടുംബങ്ങളുടെയും അനുവാദത്തോടെയാണ് വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹത്തിന് തൊട്ടുമുമ്പ് വിവാഹവേദിയിലെത്തിയ പൊലീസ് ചടങ്ങുകൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പുതിയ ഓർഡിനൻസ് പ്രകാരം ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചടങ്ങുകൾ നിറുത്തിവയ്ക്കാൻ ആവശ്യപ്പെട്ടത്.
ബന്ധുക്കളുടെ ആശീർവാദത്തോടെയാണ് വിവാഹമെന്നും ഒരുതരത്തിലുളള മതപരിവർത്തനവും ഉണ്ടാകില്ലെന്ന് ബന്ധുക്കൾ ഉറപ്പുകൊടുത്തെങ്കിലും നിമയമനുസരിച്ച് മാത്രമേ വിവാഹം നടത്താൻ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു പൊലീസ്. തുടർന്ന് ഓർഡിനൻസിലെ വ്യവസ്ഥകളെക്കുറിച്ച് കുടുംബാംഗങ്ങളെയും വധൂവരന്മാരെയും അറിയിച്ചു. അതോടെ മജിസ്ട്രേറ്റിന്റെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ വിവാഹം നടത്തൂ എന്ന് കുടുംബാംങ്ങളുടെ ഉറപ്പുലഭിച്ചതായി പൊലീസ് പറഞ്ഞു. ഹിന്ദു ആചാര പ്രകാരം വിവാഹം നടത്താനായിരുന്നു നേരത്തേയുളള തീരുമാനം. അനുമതി കിട്ടിലായും ഇതിൽ മാറ്റമുണ്ടാകില്ലെന്നാണ് ഇരുകുടുംബവും പറയുന്നത്.