
ഹൈദരാബാദ്: ഹൈദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകൾ ബി ജെ പിക്ക് അനുകൂലം. ഒടുവിൽ വിവരം കിട്ടുമ്പോൾ ബി ജെ പി ബഹുദൂരം മുന്നിലാണ്. 80 സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുകയാണ്. ടി ആർ എസ് 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എ ഐ എം ഐ എം 11 സീറ്റുകളിലാണ് മുന്നേറുന്നത്.
ഉച്ചയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന രൂപീകരണം മുതൽ തുടരുന്ന ടി ആർ എസ് മേധാവിത്വം തകരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രചാരണരംഗത്ത് ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ സാന്നിദ്ധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയിൽ വേരുറപ്പിക്കാനുള്ള ശ്രമഫലമായാണ് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിവർ ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായത്.
ആകെയുളള 150 വാർഡുകളിൽ നൂറിലും ടി ആർ എസ്–ബി ജെ പി നേരിട്ടുളള പോരാട്ടമാണ്. ഫലം നിർണയിക്കാൻ കഴിയുമെന്ന് കരുതുന്ന അസദുദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം 51 സീറ്റുകളിലാണ് മത്സരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.