
വാഷിംഗ്ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റിക്കറ്റങ്ങുന്ന ആ നിഗൂഡ വസ്തു എന്താണെന്ന് വെളിപ്പെടുത്തി നാസ. അത് ഛിന്നഗ്രഹമല്ലെന്നും, 54 വർഷം പഴക്കമുള്ള റോക്കറ്റാണെന്നും നാസ അറിയിച്ചു.ഹവായിൽ നടത്തിയ നിരീക്ഷണങ്ങളിൽ നിന്നാണ് വസ്തു തിരിച്ചറിഞ്ഞതെന്ന് കാലിഫോർണിയയിലെ പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി റിപ്പോർട്ടു ചെയ്യുന്നു.
സെപ്തംബറിൽ കണ്ടെത്തിയ ഈ വസ്തു ഛിന്നഗ്രഹമാണെന്നായിരുന്നു ആദ്യംകരുതിയിരുന്നത്. എന്നാൽ നാസയുടെ മികച്ച ഛിന്നഗ്രഹ വിദഗ്ദ്ധനായ പോൾ ചോഡാസ്, 1966 ലെ ചന്ദ്രലാൻഡിംഗ് ദൗത്യം പരാജയപ്പെട്ട സർവേയർ 2 ൽ നിന്നുള്ള അവശിഷ്ടമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു.
"2020 എസ്ഒ എന്ന് പേരിട്ടിരിക്കുന്ന ഈ വസ്തു ഒരു പഴയ റോക്കറ്റ് ബൂസ്റ്ററാണെന്ന് ഞാന്‍ സംശയിക്കുന്നു. ചന്ദ്ര ദൗത്യത്തില്‍ നിന്ന് വേര്‍പെട്ട ഒരു റോക്കറ്റ് അതിന്റെ പ്രാഥമികഘട്ടത്തില്‍ ചന്ദ്രന്റ ഭ്രമണപഥത്തിലൂടെ കടന്നുപോകുകയും സൂര്യന്റെ ഭ്രമണപഥത്തിലേക്ക് രക്ഷപ്പെടുകയും ചെയ്താല്‍ അത് കൃത്യമായി ഇങ്ങനെ ഭൂമിയെ പിന്തുടരും. ഒരു ഛിന്നഗ്രഹം ഇതുപോലുള്ള ഒരു ഭ്രമണപഥത്തിലേക്ക് പരിണമിക്കാന്‍ സാദ്ധ്യതയില്ല, പക്ഷേ അസാധ്യമല്ല.'- എന്നായിരുന്നു ചോഡാസ് മുമ്പ് പറഞ്ഞത്.
തുടർന്ന് അരിസോണ സർവകലാശാലയിലെ വിഷ്ണു റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ഹവായിയിലെ ഇൻഫ്രാറെഡ് ദൂരദർശിനി ഉപയോഗിച്ചുകൊണ്ട് നടത്തിയ നിരീക്ഷണത്തിൽ നിഗൂഡമായ വസ്തു റോക്കറ്റ് ആണെന്ന് തെളിയിക്കപ്പെട്ടു. 54 വർഷം പഴക്കമുണ്ടെന്നും കണ്ടെത്തി.ഇന്നത്തെ വാർത്ത വളരെ സന്തോഷം നൽകുന്നുവെന്നാണ് ചോഡാസിന്റെ പ്രതികരണം.