
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും മരുമകളും ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് പ്രവേശിച്ചതിൽ വിശദീകരണം തേടി ഹൈക്കോടതി. ബിജെപി നേതാവ് എ നാഗേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പൊലീസിനോടാണ് കോടതി വിശദീകരണം ചോദിച്ചിരിക്കുന്നത്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് പൊലീസ് വിശദീകരിക്കണം.
പൊതുജനങ്ങൾക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തിൽ പ്രവേശിച്ചതെന്നാണ് ഹർജിക്കാരൻ പറയുന്നത്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന്റെ ഭാര്യയും മന്ത്രികുടുംബത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് നാഗേഷ് ആരോപിക്കുന്നു.
'ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ പരിശോധിക്കണം. ദേവസ്വം ചെയർമാന്റെ ഏകാധിപത്യമാണ് നടക്കുന്നത്. തന്ത്രിയുടെ വാക്കുകളെ പോലും ധിക്കരിച്ചാണ് ചെയർമാൻ തീരുമാനമെടുക്കുന്നത്. ആചാരം സംരക്ഷിക്കുമെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്‌ത അദ്ദേഹം ആചാരം ലംഘിക്കുന്നു. ചെയർമാന്റെ തന്നിഷ്ടം കാണിക്കാനുള്ള സ്ഥലമായി ഗുരുവായൂർ ക്ഷേത്രത്തെ മാറ്റരുത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ചെയർമാനെ പുറത്താക്കണം. അനേകായിരം ഭക്തർ ദർശനം നടത്താനാകാതെ വീടുകളിലിരുന്ന് പ്രാർത്ഥിക്കുമ്പോഴാണ് മന്ത്രി പത്നിയും പരിവാരങ്ങളും നാലമ്പലത്തിനകത്തേക്ക് കടന്നതെന്നും നാഗേഷ് പറഞ്ഞു.
ഗുരുവായൂർ ഏകാദശിയുമായി ബന്ധപ്പെട്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യ സുലേഖ സുരേന്ദ്രൻ, മരുമകൾ, ദേവസ്വത്തിന്റെ ഭാരവാഹികൾ തുടങ്ങിയവർ ദർശനം നടത്തിയത്.