pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സോഷ്യൽ മീഡിയ പ്രചാരണം ശക്തമാക്കാൻ ദേശീയ ഏജൻസികളെ കൊണ്ടുവരാനുളള ടെൻഡറിൽ മാറ്റം. ആദ്യ ടെൻഡറിനോടുളള തണുത്ത പ്രതികരണമാണ് മാറ്റത്തിന് കാരണമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. അമ്പത് ലക്ഷത്തിന്റെ പദ്ധതിയുടെ പ്രചാരണ പരിചയം 15 ലക്ഷമാക്കിയാണ് കുറച്ചത്.

നിലവിൽ സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളുടെ പ്രചാരണത്തിന് പി ആർ ഡിയും സി-ഡിറ്റും, ഓരോ പദ്ധതികൾക്കായി ചെറുകിട പി ആർ ഏജൻസികളുമുണ്ട്. ഇതിന് പിന്നാലെയാണ് ദേശീയ തലത്തിലുളള പുതിയ പി ആർ ഏജൻസി വരുന്നത്. സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ എല്ലാ ചെലവുകളും ചുരുക്കി മുണ്ടുമുറുക്കി ഉടുക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രചാരണത്തിന് പുതിയ ഏജൻസിയെ കൊണ്ടുവരുന്നത്.

ഏജൻസിയെ തിരഞ്ഞെടുക്കാനുളള റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ പി ആർ ഡി അംഗീകരിച്ചിട്ടുണ്ട്. ഇതിനായി ഇവാല്വേഷൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്‌തു. എത്ര തുകയാകും ഇതിനായി ചെലവാക്കുക എന്ന വിവരം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.