ship

ന്യൂഡൽഹി​: ഇന്ത്യ അഭി​മാനത്തോടെയും പാകി​സ്ഥാൻ ഭീതി​യോടെയും മാത്രം ഓർക്കുന്ന ദി​നമാണ് ഇന്ന്. 49 വർഷത്തിന് മുമ്പ് ഇതേദിവസമാണ് ഇന്ത്യൻ നാവികസേന പാകിസ്ഥാൻ നാവികസേനയുടെ ആസ്ഥാനമായ കറാച്ചി തുറമുഖം ആക്രമിച്ചത്. തങ്ങളുടെ അഭിമാന സ്തംഭമായി പാകിസ്ഥാൻ ഉയർത്തിക്കാട്ടിയിരുന്ന പി എൻ എസ് ഖൈബർ ഉൾപ്പടെയുളള യുദ്ധക്കപ്പലുകളും നൂറുകണക്കിന് പട്ടാളക്കാരെയുമായാണ് ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പാകിസ്ഥാന് നഷ്ടമായത്. 1971ലെ യുദ്ധത്തിൽ താേൽവിസമ്മതിക്കാൻ പാകിസ്ഥാനെ പ്രേരിപ്പിച്ചത് ഒരിക്കലും മറക്കാത്ത ഇന്ത്യയുടെ ഈ ആക്രമണമായിരുന്നു.

1971 ഡിസംബർ മൂന്നിന് 11 ഇന്ത്യൻ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിക്കൊണ്ടായിരുന്നു പാകിസ്ഥാൻ ഇന്ത്യക്കെതിരെയുളള യുദ്ധം തുടങ്ങിയത്. ആദ്യം കയറിയടിച്ച് ഇന്ത്യയെ വിറപ്പിക്കാമെന്നായിരുന്നു പാകിസ്ഥാൻ കണക്കുകൂട്ടിയത്. അമേരിക്കയിൽ നിന്നടക്കം ലഭിച്ച ആയുധങ്ങളും വിമാനങ്ങളും പടക്കപ്പലുകളും കാട്ടി ഇന്ത്യയെ വിരട്ടാമെന്നും അവർ കരുതി. പക്ഷേ, അവരുടെ പ്രതീക്ഷ അപ്പടി തെറ്റി. ആദ്യ ആക്രമണമുണ്ടായ ദിവസം ഇന്ത്യ കാര്യമായ തിരിച്ചടി നൽകിയില്ല. ഇതോടെ കാര്യങ്ങളെല്ലാം തങ്ങൾ വിചാരിച്ചപോലെ നടക്കുമെന്ന് പാകിസ്ഥാൻ മനപ്പായം കുടിച്ചു.

ship1

പക്ഷേ, പിറ്റേന്ന് കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഇന്ത്യൻ നാവികസേനയുടെ കുന്തമുനകളിലൊന്നായ ഐ.എൻ.എസ്. നിർഘട്ടിൽനിന്ന് കുതിച്ചുപൊങ്ങിയ ആദ്യ കപ്പൽ വേധ മിസൈൽ പതിച്ചത് പാക് നാവിക സേനയുടെ ഏറ്റവും കരുത്തുറ്റ യുദ്ധക്കപ്പലായ പി എൻ എസ് ഖൈബറിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും പാകിസ്ഥാന് മനസിലാകുന്നതിന് മുമ്പുതന്നെ ആ കപ്പൽ തീഗോളമായി. ഒപ്പം മറ്റൊരു യുദ്ധക്കപ്പലും വെടിക്കോപ്പുകൾ നിറച്ചിരുന്ന ഒരു ചരക്കുകപ്പലും പൂർണമായും തകർന്നു. തുടർന്നും മിസൈലുകൾ കറാച്ചി തുറമുഖത്ത് പതിച്ചുകൊണ്ടേയിരുന്നു. ആയിരത്തിനടുത്ത് പാകിസ്ഥാൻ പട്ടാളക്കാർക്കും ജീവൻ നഷ്ടമായി. കറാച്ചി തുറമുഖത്തെ ഇന്ധന ടാങ്കറുകൾ പൂർണമയും കത്തിയമർന്നു. പാകിസ്ഥാന്റെ പരിപൂർണ തോൽവി ഉറപ്പാക്കിയശേഷമായിരുന്നു ഇന്ത്യൻ നാവികസേനയുടെ ചുണക്കുട്ടികളുടെ മടക്കം. ഐ എൻ എസ് നിപഥ്, ഐ എൻ എസ്. വീർ എന്നീ പടക്കപ്പലുകളും പാകിസ്ഥാനെതിരെയുളള ആക്രമണത്തിൽ പങ്കെടുത്തു.

ship2

ഓപ്പറേഷൻ ട്രിഡന്റ് എന്ന ഈ ആക്രമണത്തോടെ പാകിസ്ഥാൻ ആകെ തകർന്നു. ആസ്ഥാനം തന്നെ നഷ്ടപ്പെട്ടതോടെ പാക് നാവിക സേന യുദ്ധത്തിൽ വെറും കാഴ്ചക്കാർ മാത്രമായി. തിരിച്ചടിക്കാൻ പോയിട്ട് ഇന്ത്യക്കെതിരെ ഒരു ചെറുവിരലനക്കാൻ പോലുംശക്തിയില്ലാത്ത തരത്തിലായി പാകിസ്ഥാൻ. എങ്ങനെയും യുദ്ധം അവസാനിപ്പിച്ചാൽ മതിയെന്നായി പാകിസ്ഥാന്. ഇന്ത്യൻ നാവിക സേനയുടെ മറ്റുചില ആക്രമണങ്ങൾ കൂടിയായപ്പോൾ പാകിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നിൽ പൂർണമായും മുട്ടുകുത്തുകയായിരുന്നു. കപ്പൽ വേധ മിസൈലുകൾ പ്രയോഗിച്ചുളള ആക്രമണമായിരുന്നു പാകിസ്ഥാന്റെ പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞത്. മേഖലയിൽ ആദ്യമായി കപ്പൽവേധ മിസൈൽ പ്രയോഗിച്ചതും ഈ യുദ്ധത്തിലായിരുന്നു.

ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളിലൊന്നാണ് ഇന്ത്യൻ നാവികസേന. 150ലേറെ യുദ്ധക്കപ്പലുകളും നിരവധി മുങ്ങിക്കപ്പലുകളും 300 എയർക്രാഫ്ടുകളും അത്യന്താധുനിക മിസൈലുകളുമെല്ലാമുളള വൻ ശക്തിയാണ് ഇന്ത്യൻ നാവികസേന. കരയിലും കടലിയും ആകാശത്തും യുദ്ധം ചെയ്യാൻ കഴിവുളള ലോകത്തിലെ ഏറ്റവും അപകടകാരികളായ മാർക്കോസ് എന്ന കമാൻഡോ സംഘവും ഇന്ത്യൻ നാവികസേനയ്ക്ക് സ്വന്തമാണ്. ഇതെല്ലാം ഏത് പ്രതിസന്ധി ഘട്ടത്തെയും അതിജീവിച്ച് ശത്രുക്കൾക്ക് കനത്ത നാശം വിതയ്ക്കാൻ നാവിക സേനയെ കരുത്തുറ്റതാക്കുന്നത്. ഒപ്പം പിറന്ന നാടിന്റെ അഭിമാനം കാക്കാൻ സ്വന്തം ജീവൻ പോലും ബലിനൽകാനുളള സൈനികരുടെ ധീരതയും.

ship3

പാകിസ്ഥാന് മേൽ ഇന്ത്യ നേടിയ ഈ ചരിത്രവിജയത്തിന്റെ വാർഷിക ദിനമാണ് നാവികസേനാ ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ നാവികസേന ആസ്ഥാനങ്ങളിൽ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്.