shakthikantha-das

ന്യൂഡൽഹി: തുടർച്ചയായി മൂന്നാം വട്ടവും റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാ‌റ്റം വരുത്താതെ റിസർവ് ബാങ്ക്. കൊവിഡ് രോഗം സാമ്പത്തിക രംഗത്ത് സൃഷ്‌ടിച്ച പ്രതിസന്ധിയും അതുമൂലം ഉണ്ടായ പണപ്പെരുപ്പവും കൂടുതൽ വഷളാകാതെ ഈ സാമ്പത്തിക വർഷവും അടുത്ത കൊല്ലവും നിയന്ത്രിച്ച് കൊണ്ടുപോകാനാണ് പണനയ കമ്മി‌റ്റി ശ്രമിക്കുന്നതെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. 'റിപ്പോ നിരക്ക് 4 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരാൻ പണനയ കമ്മി‌റ്റി തീരുമാനിച്ചു.' ശക്തികാന്ത ദാസ് പറഞ്ഞു.

ആഗോളതലത്തിലെ അനിശ്ചിതത്വത്തിനനുസരിച്ച് സമ്പദ്‌ഘടനയെ മുൻപോട്ട് കൊണ്ടുപോകുകയാണ്. വേണ്ട സമയത്ത് പ്രതിസന്ധികൾ ഒഴിവാക്കാൻ മതിയായ നടപടികൾ റിസർവ് ബാങ്ക് കൈക്കൊള‌ളുമെന്ന് ദാസ് അറിയിച്ചു. രാജ്യത്തെ നിക്ഷേപകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു. അത്യാവശ്യ ഘട്ടങ്ങളിൽ ബാങ്കുകൾക്ക് റിസർവ് ബാങ്കിൽ നിന്നും കടം വാങ്ങാവുന്ന മാർജിനൽ സ്‌റ്റാന്റിംഗ് ഫെസിലി‌റ്റി 4.25 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനത്തിലും തുടരും. രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന് തന്നെ നിൽക്കാനാണ് സാദ്ധ്യതയെന്നും ശീതകാലത്ത് ഖാരിഫ് വിളകളുടെ വരവോടെ ചെറിയ വ്യതിയാനമുണ്ടാകാമെന്നും പണനയ കമ്മി‌റ്റി വിലയി‌രുത്തിയെന്ന് റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.

കൂടുതൽ മേഖലകൾ സജീവമായി വരുന്നതോടെ സാമ്പത്തികരംഗം മെല്ലെ കരകയറുകയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യത്തെ 2021 ലെ മൊത്ത ആഭ്യന്തര ഉൽപാദനം(ജിഡിപി) -7.5 ശതമാനമാണ് പ്രവചിച്ചിരിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ +0.1 ശതമാനവും നാലാം പാദത്തിൽ +0.7 ശതമാനവും വളർച്ച നേടുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം. നഗരമേഖലകളിൽ സാമ്പത്തിക രംഗം വേഗം തിരിച്ചുവരവ് നടത്തുമെന്നും ഗ്രാമങ്ങളിൽ അൽപംകൂടി വൈകുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.