najeem-arshad

നജിം അർഷാദ് ആലപിച്ച പുതിയ സംഗീത ആൽബം 'ഹിമബിന്ദു' ഇന്ന് സംഗീത പ്രേമികളിലേക്ക് എത്തും. നജിമിന്റെ പിതാവ് ഷാഹുൽ ഹമീദിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് സഹോദരൻ ഡോ. അജിം ഷാദ് ആണ്. 1970കളിൽ ബാപ്പ കമ്പോസ് ചെയ‌്ത പാട്ടാണ് പുത്തൻ ഭാവത്തിൽ താനും സഹോദരന്മാരും പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെന്ന് നജിം പറഞ്ഞു.

നജിമിന്റെ വാക്കുകൾ-

'1970കളിൽ ബാപ്പ കമ്പോസ് ചെയ‌്ത പാട്ടാണിത്. അദ്ദേഹം പണ്ട് ധാരാളം പാട്ടുകൾ പാടിയിരുന്നു. ഉമ്മയും പാട്ടുകാരിയായിരുന്നു. അന്ന് നിരവധി സ്‌റ്റേജുകളിൽ ഇരുവരും ചേർന്നാണ് ഡ്യൂയറ്റ് പാടിയിരുന്നത്. അന്നേ ബാപ്പയുടെ വലിയൊരു ആഗ്രഹമായിരുന്നു ഈ പാട്ട് ജനങ്ങളിൽ എത്തിക്കണമെന്ന്. പക്ഷേ അന്നത്തെ സാഹചര്യത്തിൽ അതിന് കഴിഞ്ഞില്ല. ഇപ്പോൾ അത് പുതിയ ഭാവത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. എന്റെ ജ്യേഷ്‌ഠൻ ഡോ. അജിം ഷാദിന്റെതാണ് വരികൾ. ആദ്യകാലത്തെ വരികളിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് ഗാനം അദ്ദേഹം എഴുതിയിരിക്കുന്നത്. ഓഡിയോ മിക്‌സിംഗ് നിർവഹിച്ചിട്ടുള്ളത് രണ്ടാമത്തെ സഹോദരനായ സജിം നൗഷാദ് ആണ്. ആകെക്കൂടി പറയുകയാണെങ്കിൽ ഞങ്ങളുടെ കുടുംബത്തിന്റെ സ്വന്തം ഗാനം എന്നുതന്നെ വിശേഷിപ്പിക്കാം 'ഹിമബിന്ദു'വിനെ'.

നജിമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആൽബം റിലീസ് ചെയ്യുക.