
ആലപ്പുഴ: സന്നദ്ധ സേവന രംഗത്ത് 'സൈലൻസർ' ഘടിപ്പിക്കാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുകയാണ് ആലപ്പുഴയിലെ ഒരു കൂട്ടം ബുള്ളറ്റ് പ്രേമികൾ. ളോഹയിട്ടും ബുള്ളറ്റ് പറപ്പിക്കാൻ മടിയില്ലാത്ത ഫാ. ബെൻസിൽ സെബാസ്റ്റ്യൻ കണ്ടനാടിനും അമ്പലമണിയുടെ താളത്തിൽ ബുള്ളറ്റ് കൈകാര്യം ചെയ്യുന്ന ക്ഷേത്രം മേൽശാന്തി കെ. സന്തോഷിനുമൊപ്പം ഡോ. നീലിമയും സ്വകാര്യ കമ്പനി എം.ഡി നന്ദനയും ഉൾപ്പെടെയുള്ള വനിതാരത്നങ്ങൾ കൂടി ചേരുമ്പോൾ എ.ബി.സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ആലപ്പി ബുള്ളറ്റ് ക്ളബ്ബിന്റെ തിളക്കത്തിന് പത്തരമാറ്റാവും.
വൈകുന്നേരങ്ങളിൽ ബുള്ളറ്റിലെത്തി ആലപ്പുഴ ബീച്ചിൽ കടൽപ്പാലത്തിനു സമീപം കാറ്റുംകൊണ്ട് സൊറ പറഞ്ഞിരിക്കവേ, നഗരവാസികളായ പ്രിയൻ, രാജീവ്, ഗോപു കൃഷ്ണൻ,അഭിൻ, രഞ്ജു, രാഹുൽ, കണ്ണൻ എന്നിവരുടെ ചർച്ചയിലുണ്ടായ ആശയമാണ് അഞ്ചു വർഷം മുമ്പ് ക്ലബ് രൂപീകരിക്കാൻ വഴിതെളിച്ചത്. 10 പേരിൽ തുടങ്ങിയ ക്ലബിൽ നിലവിൽ വനിതകൾ അടക്കം, സ്വന്തമായി ബുള്ളറ്റുള്ളവരും ബുള്ളറ്റ് പ്രേമികളുമായ 40 ഓളം അംഗങ്ങളുണ്ട്. വിദ്യാർത്ഥികളും അഭിഭാഷകരുമുൾപ്പെടെ ന്യൂ ജെൻ- ഓൾഡ് ജെൻ വേർതിരിവില്ലാതെ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണിവിടെ. വാട്സാപ്പ് ഗ്രൂപ്പും ഫേസ്ബുക്ക് പേജും തുടങ്ങി ക്ളബ്ബിന്റെ പേര് ഏഴാംകടലിനക്കരെ വരെ എത്തിച്ചതോടെ ഫോളോവേഴ്സ് അടക്കം ക്ളബ്ബിൽ ആയിരത്തോളം ആളുകളുടെ അഭിപ്രായങ്ങളും സേവന സന്നദ്ധതയും ചർച്ചയായി. ഇതോടെ റൈഡിംഗ് എന്നതിലുപരി രക്തദാനം അടക്കമുള്ള പ്രവർത്തന മേഖലകളിലേക്ക് ഈ ബുള്ളറ്റുകൾ ഇരച്ചെത്താൻ തുടങ്ങി.

കാശ്മീരിലേക്കടക്കം ഇതിനോടകം നിരവധി തവണ എ.ബി.സി അംഗങ്ങൾ റൈഡ് നടത്തിക്കഴിഞ്ഞു. ക്ളബ്ബിൽ അംഗമായിക്കഴിഞ്ഞാൽ യാത്രകളിലെ ഡ്രസ് കോഡ് അടക്കം കർശനമായി പാലിച്ചാൽ മാത്രമം അംഗത്വം നിലനിറുത്താനാവൂ. ഈ കടുപ്പം അനുഭവിച്ചറിഞ്ഞ അംഗങ്ങളുമുണ്ട്. ദൂരെ യാത്രകളിലെ അംഗങ്ങളുടെ എണ്ണം 15ൽ ഒതുക്കും. ആശയ വിനിമയത്തിന് വയർലെസുകൾ സജ്ജമാക്കിയാണ് യാത്ര. നിയന്ത്രണത്തിനായി മുന്നിലും പിന്നിലും മദ്ധ്യത്തും മൂന്നു ക്യാപ്ടൻമാരുണ്ടാവും. ക്യാപ്ടൻമാരുടെ ബുള്ളറ്റിൽ രണ്ടാളും മറ്റുള്ളവയിൽ ഓരോരുത്തരുമാണ് റൈഡിംഗിൽ പങ്കെടുക്കുന്നത്.
സേവന വഴി
വിനോദത്തിനൊപ്പം കാരുണ്യ പ്രവർത്തനവും ഏറ്റെടുത്തിരിക്കുന്ന ക്ളബ്ബിന്റെ നേതൃത്വത്തിൽ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികളുടെ പഠന ചെലവുകൾ ഏറ്റെടുക്കുന്നുണ്ട്. അംഗങ്ങളും ഫോളോവേഴ്സും ചേർന്ന് ഇതിനുള്ള പണം സമാഹരിക്കും. 25,000 മുതൽ 60,000 രൂപ വരെയാണ് സഹായധനമായി നൽകുന്നത്.