
കൊച്ചി: പ്രതീക്ഷിച്ചതുപോലെ പലിശനിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് 2020ലെ അവസാന ധനനയം പ്രഖ്യാപിച്ചു. റീട്ടെയിൽ നാണയപ്പെരുപ്പം നാലു ശതമാനമെന്ന ലക്ഷ്‌മണരേഖ ലംഘിച്ചതിനാൽ ഇത് പ്രതീക്ഷിച്ചതുമാണ്. റിപ്പോനിരക്ക് നാലു ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 3.35 ശതമാനത്തിലും മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി (എം.എസ്.എഫ്) 4.25 ശതമാനത്തിലും തുടരും.
ഫലത്തിൽ ഭവന, വാഹന, വ്യക്തിഗതം തുടങ്ങിയ ബാങ്ക് വായ്‌പകളുടെ പലിശഭാരം കുറയില്ല. ഇ.എം.ഐ അതേപടി തുടരും. സ്ഥിരനിക്ഷേപ (എഫ്.ഡി) പലിശയിലും മാറ്റമുണ്ടാവില്ല. സെപ്‌തംബറിൽ 7.3 ശതമാനവും ഒക്‌ടോബറിൽ 7.6 ശതമാനവുമാണ് നാണയപ്പെരുപ്പം. ഇത് ഉയർന്നതലത്തിൽ തുടരുമെന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ.
ഒക്‌ടോബർ-ഡിസംബറിൽ 6.8 ശതമാനം, ജനുവരി-മാർച്ചിൽ 5.8 ശതമാനം, 2021-22ന്റെ ആദ്യപകുതിയിൽ 5.2 ശതമാനത്തിൽ തുടങ്ങി 4.6 ശതമാനം വരെ എന്നിങ്ങനെയാണ് പ്രതീക്ഷ. എങ്കിലും, സമ്പദ്‌വ്യവസ്ഥയ്ക്ക് അനിവാര്യമായിടത്തോളം കാലം പലിശ കുറയ്ക്കാൻ സജ്ജമായ 'അക്കോമഡേറ്റീവ്" നിലപാടും ബദൽ പണലഭ്യതാ നടപടികളും തുടരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
പോസിറ്റീവ് വളർച്ചയിലേക്ക് അതിവേഗം ഇന്ത്യ
വലിയതോതിലല്ലെങ്കിലും പോസിറ്റീവ് വളർച്ചയിലേക്ക് ഇന്ത്യ തിരിച്ചുവരുകയാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. നടപ്പുവർഷം ഏപ്രിൽ-ജൂണിൽ നെഗറ്റീവ് 23.9 ശതമാനം, ജൂലായ്-സെപ്‌തംബറിൽ നെഗറ്റീവ് 7.5 ശതമാനം എന്നിങ്ങനെയായിരുന്നു തളർച്ച.
നടപ്പുവർഷം (2020-21) പ്രതീക്ഷിക്കുന്ന വളർച്ച നെഗറ്റീവ് 7.5 ശതമാനമാണ്. നെഗറ്റീവ് 9.5 ശതമാനം വളരുമെന്നായിരുന്നു നേരത്തേ വിലയിരുത്തിയിരുന്നത്.
വരുംപാദങ്ങളിലെ പ്രതീക്ഷ:
ഒക്‌ടോബർ - ഡിസംബർ : +0.1%
ജനുവരി - മാർച്ച് : +0.7%
2021-22 ആദ്യ പകുതി : 21.9 ശതമാനത്തിൽ തുടങ്ങി 6.5% വരെ
ഗ്രാമീണ, നഗര ഉപഭോഗം മെച്ചപ്പെടുന്നുണ്ട്. മാനുഫാക്‌ചറിംഗിലും എഫ്.ഡി.ഐയിലും ഉണർവ് പ്രകടം. സെപ്‌തംബർപാദ മികച്ച കോർപ്പറേറ്റ് പ്രവർത്തനഫലം ഉപഭോക്തൃ വിപണിയുടെ കരകയറ്റം വ്യക്തമാക്കുന്നതാണെന്നും റിസർവ് ബാങ്ക്.
ലാഭവിഹിതമില്ല; പണലഭ്യത കൂട്ടും
വാണിജ്യ, സഹകരണ ബാങ്കുകൾ 2019-20ലെ ലാഭവിഹിതം നൽകേണ്ടെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഈ പണം വായ്‌പാ വിതരണത്തിനും മൂലധന കരുതലിനും പ്രയോജനപ്പെടുത്താം.
റീജിയണൽ റൂറൽ ബാങ്കുകൾക്കും റിസർവ് ബാങ്കിന്റെ ഫണ്ട് ലഭിക്കാനുള്ള എൽ.എ.എഫ്., എം.എസ്.എഫ് എന്നിവയിലേക്ക് അനുമതി നൽകും.
എം.എസ്.എം.ഇക്ക് പുറമേ ഊർജം, നിർമ്മാണം, റിയൽ എസ്‌റ്റേറ്റ് തുടങ്ങി 26 വിഭാഗങ്ങൾക്ക് കൂടി വായ്‌പാ സഹായം നൽകുന്ന ഇ.സി.എൽ.ജി.എസ് 2.0ലേക്ക് പണം ഉറപ്പാക്കാനായി എൽ.ടി.ആർ.ഒ വഴി ബാങ്കുകൾക്ക് ഫണ്ട് ലഭ്യമാക്കുമെന്നും റിസർവ് ബാങ്ക്.
ആർ.ടി.ജി.എസ് ഇനി എപ്പോഴും
രണ്ടുലക്ഷം രൂപയ്ക്കുമേൽ പണം കൈമാറാവുന്ന റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) വൈകാതെ ആഴ്‌ചയിൽ ഏഴുദിവസവും 24 മണിക്കൂറും ലഭ്യമാകും. കച്ചവടക്കാർക്ക് ഏറെ ഗുണകരമാണിത്. നിലവിൽ പ്രവൃത്തിദിനങ്ങളിൽ രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് ലഭ്യം. രണ്ടുലക്ഷം രൂപയ്ക്ക് താഴെ പണം കൈമാറാവുന്ന എൻ.ഇ.എഫ്.ടി കഴിഞ്ഞ ഡിസംബർ മുതൽ 24*7 ലഭ്യമാണ്.
₹5,000
കോൺടാക്‌റ്റ്‌ലെസ് കാർഡിലൂടെ കൈമാറാവുന്ന പണത്തിന്റെ പരിധി 2,000 രൂപയിൽ നിന്ന് 5,000 രൂപയാക്കി. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ. പിൻ നമ്പർ ഇല്ലാതെ പണം കൈമാറാവുന്ന സുരക്ഷയേറിയ സംവിധാനമാണിത്. കാർഡ്, യു.പി.ഐ എന്നിവയിലൂടെ കൈമാറാവുന്ന റെക്കറിംഗ് ഇടപാടിന്റെ പരിധിയും 5,000 രൂപയാക്കി.
ഡിജിറ്റൽ പേമെന്റിന്
കൂടുതൽ സുരക്ഷ
കൊവിഡ്കാലത്ത് ഡിജിറ്റൽ പേമെന്റുകൾ വർദ്ധിച്ചെങ്കിലും ഒപ്പം തടസങ്ങളും തട്ടിപ്പുകളും കൂടി. ഇതു പരിഹരിക്കാനായി ഡിജിറ്റൽ പേമെന്റ് സെക്യൂരിറ്റി കൺട്രോൾ ഡയറക്‌ഷൻസ് ഉടൻ റിസർവ് ബാങ്ക് പുറത്തിറക്കും. നെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, കാർഡ് പേമെന്റ്, യു.പി.ഐ തുടങ്ങിയവ കൂടുതൽ സുരക്ഷിതവും തടസരഹിതവുമാക്കുകയാണ് ലക്ഷ്യം.
ഒക്‌ടോബറിൽ 207 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്; ഇടപാട് മൂല്യം 3.86 ലക്ഷം കോടി രൂപ.
ഇടപാട് പരാജയപ്പെട്ടാൽ ഉപഭോക്താവിന് പണം തിരിച്ചുനൽകാൻ കാലതാമസം ഉണ്ടായാൽ ബാങ്കിന് പിഴ വിധിക്കും; ഓംബുഡ്‌സ്മാന് ലഭിക്കുന്ന പരാതികൾ കൂടിയാലും പിഴ ഉണ്ടാകും. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം.
ധനകാര്യ സ്ഥാപനങ്ങൾക്ക്
കൂടുതൽ നിയന്ത്രണം
വലിയ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ കാര്യക്ഷമമായ ഇന്റേണൽ ഓഡിറ്റ് സംവിധാനം റിസർവ് ബാങ്ക് നടപ്പാക്കും. എൻ.ബി.എഫ്.സികൾക്കായുള്ള കൂടുതൽ സുരക്ഷിത ചട്ടങ്ങൾ ജനുവരി 15നകം പ്രഖ്യാപിക്കും.
നിരക്കുകൾ
റിപ്പോ നിരക്ക് : 4.00%
റിവേഴ്‌സ് റിപ്പോ : 3.35%
സി.ആർ.ആർ : 3.00%
എം.എസ്.എഫ് : 4.25%
എസ്.എൽ.ആർ : 18.00%
എം.പി.സി ഒറ്റക്കെട്ട്
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ ധനനയ നിർണയ സമിതി (എം.പി.സി) ഒറ്റക്കെട്ടായാണ് പലിശ നിലനിറുത്തിയത്. ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്ര, എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ഡോ. മൃദുൽ സഗ്ഗർ, സ്വതന്ത്ര അംഗങ്ങളായ ഡോ. ആശിമ ഗോയൽ, പ്രൊഫ. ജയന്ത് ആർ. വർമ്മ, ഡോ. ശശാങ്ക് ഭീഡെ എന്നിവരാണ് മറ്റംഗങ്ങൾ.
റിപ്പോ ഇറക്കം
ഫെബ്രു.19 : 6.25%
ഏപ്രിൽ : 6.00%
ജൂൺ : 5.75%
ആഗസ്‌റ്റ് : 5.4%
ഒക്‌ടോബർ : 5.15%
മാർച്ച് : 4.40%
മേയ് : 4.00%
ഡിസംബർ : 4.00%
''കോർപ്പറേറ്റുകൾക്ക് ബാങ്കിംഗ് ലൈസൻസ് നൽകുന്നത് സംബന്ധിച്ച റിസർവ് ബാങ്ക് ഇന്റേണൽ വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശയിന്മേൽ തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ല"",
ശക്തികാന്ത ദാസ്, ഗവർണർ, റിസർവ് ബാങ്ക്
(ശുപാർശയെ മുൻ ഗവർണർ രഘുറാം രാജനും മുൻ ഡെപ്യൂട്ടി ഗവർണർ വിരാൽ ആചാര്യയും വിമർശിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ നൽകിയ മറുപടി)