psyco

രത്‌ലം( മദ്ധ്യപ്രദേശ്): മുതിർന്നവരുള‌ള വീട് തിരഞ്ഞ് കണ്ടെത്തി അവരെ കൊലപ്പെടുത്തി മോഷണം നടത്തുന്ന 'സൈക്കോപാത്ത് കില്ലർ' പൊലീസുമായുള‌ള ഏ‌റ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മദ്ധ്യപ്രദേശത്തിലെ രത്‌ലമിലാണ് സൈക്കോപാത്ത് കില്ലർ എന്നറിയപ്പെടുന്ന ദിലീപ് ദേവാൽ വെടിയേ‌റ്റ് മരിച്ചത്. ഗുജറാത്തിലെ ദാഹോദ് സ്വദേശിയായ ദിലീപ് വിവിധ സംസ്ഥാനങ്ങളിലായി ആറോളം കൊലക്കേസുകളിൽ പ്രതിയാണ്.

രത്‌ലമിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ദീപാവലി ദിവസം വെടിവച്ച് കൊന്നശേഷം മോഷണം നടത്തിയ സംഭവത്തിൽ പൊലീസ് ഇയാളെ തേടുകയായിരുന്നു. ഇതിനിടയിലുണ്ടായ ഏ‌റ്റുമുട്ടലിലാണ് ദിലീപ് കൊല്ലപ്പെട്ടത്. ഏ‌റ്റുമുട്ടലിൽ അഞ്ച് പൊലീസുകാർക്കും ഗുരുതര പരിക്കേ‌റ്റിട്ടുണ്ട്.

മുതിർന്നവരുള‌ള വീട് നോക്കി വച്ച ശേഷം അവരെ ആക്രമിച്ച് കൊലപ്പെടുത്തി കൊള‌ള നടത്തുന്നതുകൊണ്ടും പൊലീസ് ഉദ്യോഗസ്ഥയെ വരെ കൊലപ്പെടുത്തിയിട്ടുള‌ളതിനാലുമാണ് ഇയാളെ സൈക്കോപാത്ത് കില്ലർ എന്ന് പൊലീസ് വിളിച്ചിരുന്നത്. കൊല നടത്തിയ ശേഷം ആ കേസുകളിലെ സാക്ഷികളെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. രത്‌ലം സംഭവത്തിൽ ഇയാൾക്കൊപ്പം കൊള‌ളയിൽ പങ്കുചേർന്ന മൂന്നുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.