sarith

തിരുവനന്തപുരം: ഡോളർ കള്ളക്കടത്ത് കേസിൽ സ്വപ്നയെയും സരിത്തിനെയും മാപ്പ് സാക്ഷിയാക്കാൻ കസ്റ്റംസ് കോടതിയെ സമീപിച്ചതിന് പിന്നാലെ ഇതിൽ ഉൾപ്പെട്ട വമ്പൻ സ്രാവുകൾക്കായി കസ്റ്റംസ് വലവിരിച്ചു. സ്വപ്നയിൽ നിന്നും സരിത്തിൽ നിന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച നിർണായക മൊഴികളും തെളിവുകളുമാണ് ഇരുവരെയും മാപ്പ് സാക്ഷികളാക്കാൻ കസ്റ്റംസിനെ പ്രേരിപ്പിച്ചത്. ഡിപ്ലോമാറ്റിക് ചാനലിലൂടെ കോടികളുടെ കള്ളപ്പണം പ്രമുഖർ ഗൾഫിലേക്ക് കടത്തിട്ടുണ്ടെന്ന് സ്വപ്‌നയും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തി.

നടന്നത് റിവേഴ്സ് ഹവാലയാണെന്നും നിരവധി പ്രമുഖർക്ക് ഇതിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ നൽകുന്ന സൂചന. 1.40 കോടിയോളം രൂപ സംഘം ഡോളർ രൂപത്തിൽ വിദേശത്തേക്ക് കടത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേ പണം ഇന്ത്യൻ കറൻസിയാക്കി തിരികെ നാട്ടിലെത്തിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡോളർ കടത്തുകേസിൽ വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന സൂചനയാണ് കസ്റ്റംസിലെ ചില കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നത്.

ഡോളർ കടത്തിൽ സരിത്തിന്റെയും സ്വപ്നയുടെയും മൊഴികൾ നിർണായകമായതിനാൽ അവരുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ അവർക്ക് ജാമ്യം നൽകാൻ പാടില്ലെന്നും കാട്ടി കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ കേസിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ചില വിദേശപൗരൻമാർ ഇന്ത്യയിലെത്തിയതും അവരുടെയാത്രകൾ, ഇവിടെ ചിലവഴിച്ച സ്ഥലങ്ങൾ, സമയം, അവരുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങൾ എന്നിവയെല്ലാം സരിത്തിൽ നിന്നും സ്വപ്നയിൽ നിന്നും കസ്റ്റംസ് മനസിലാക്കിയിട്ടുണ്ട്.

സ്വർണക്കടത്തും ഡോളർ കടത്തും പരസ്പര ബന്ധമുള്ള കേസുകളാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യും.ശിവശങ്കറിന്റെ രണ്ട് ഫോണുകൾ കൂടി കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് ലഭിച്ചതോടെ അതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. ശിവശങ്കർ, സ്വപ്ന, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കസ്റ്രംസ് ആലോചിക്കുന്നുണ്ട്. ഇതോടെ ഒളിവും മറവുമില്ലാതെ കള്ളക്കടത്തിന്റെ പൂർണമായ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.