
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നഗരസഭാ ഭരണം പിടിക്കാനുള്ള അവസാന കോപ്പ് കൂട്ടലുമായി ഇടത്, വലത് മുന്നണികളും ബി.ജെ.പിയും. മുന്നണി സ്ഥാനാർത്ഥികളെല്ലാം നാലാമത്തെ റൗണ്ട് പ്രചാരണം പൂർത്തിയാക്കിക്കഴിഞ്ഞു. മുമ്പ് പോകാൻ പറ്റാത്ത സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സ്ഥാനാർത്ഥികളുടെ ഇപ്പോഴത്തെ പ്രചാരണം. ഒാരോ വാർഡിലെയും സമുദായബലം, സംഘടനാ ബലം എന്നിവ മാത്രമല്ല, റിബലുകളുടെ ശക്തിയും അപരന്മാർ കൊണ്ടുപോകുന്ന വോട്ടുകളുമെല്ലാം തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നതിനാൽ അവസാനവട്ടം വോട്ട് ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ.
യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ് നഗരസഭാ തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ 21 സീറ്റ് മാത്രം നേടിയ അവർ ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ എന്തു വില കൊടുത്തും ഭരണം പിടിച്ചേ മതിയാകുവെന്ന ഉറച്ച നിലപാടിലാണ് അവർ. ഭരണകക്ഷിയായ എൽ.ഡി.എഫുമായി താരമത്യം ചെയ്താൽ മികച്ച സ്ഥാനാർത്ഥി പട്ടികയല്ല യു.ഡി.എഫിന്റേത്. ഇത് തിരിച്ചടിയാകുമോയെന്ന ഭയവും അവർക്കുണ്ട്. മത്സരം സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണെന്ന പ്രചാരണവും യു.ഡി.എഫിന്റെ ആത്മവിശ്വാസത്തിന് മങ്ങലേൽപിച്ചിട്ടുണ്ട്.
കൊവിഡിനെ തുടർന്ന് പ്രചാരണം മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞില്ലെന്നതും യു.ഡി.എഫിന് തലവേദനയാണ്. സി.പി.എമ്മും ബി.ജെ.പിയുമാകട്ടെ ഇളക്കിമറിച്ചുള്ള പ്രചാരണമാണ് നടത്തുന്നത്. പ്രാദേശികമായി സമുദായ സംഘടനാ നേതാക്കളെയും ആരാധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികളെയും ഒപ്പം നിറുത്താൻ പ്രചാരണത്തിന്റെ തുടക്കം മുതൽ തന്നെ സ്ഥാനാർത്ഥികൾ ശ്രമിച്ചിരുന്നു. റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ പിന്തുണകൂടി ഉറപ്പാക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥികൾ. രാത്രി പത്തു കഴിഞ്ഞും സ്ഥാനാർത്ഥികൾ പ്രചാരണത്തിലാണ്. അതിനപ്പുറത്താണ് ജില്ലാ നേതാക്കൾ മുൻകൈയെടുത്ത് നടത്തുന്ന രഹസ്യയോഗങ്ങൾ. അടിയൊഴുക്കുകൾ നിർണയിക്കുന്നത് ഈ യോഗങ്ങളാണ്.
റിബൽ സ്ഥാനാർത്ഥികളാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദനയാകുന്നത്. പലയിടത്തും റിബലുകൾ ശക്തരായി തന്നെ പ്രചാരണ രംഗത്തുണ്ട്. അപരന്മാർ ഏറ്റവും കൂടുതൽ തലവേദനയാകുന്നത് എൻ.ഡി.എയ്‌ക്കാണ് 12 വാർഡുകളിൽ അപര സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ റോസാപ്പൂവ് ചിഹ്നം അനുവദിച്ചതോടെയാണ് ബി.ജെ.പി ക്യാമ്പുകളുടെ ഉറക്കം നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ ജയിച്ചതും ജയപ്രതീക്ഷയുള്ളതുമായ വാർഡുകളിലാണ് അപരന്മാർക്ക് റോസാപ്പൂവ് ചിഹ്നമുള്ളത്. താമരയ്‌ക്ക് തൊട്ടടുത്ത് റോസാപ്പൂവ് ചിഹ്നം വരുമ്പോൾ പേരിലും ചിഹ്നത്തിലും സാമ്യം ഉണ്ടാകുകയും സ്വാഭാവികമായും വോട്ട് മാറിപ്പോവുകയും തൊട്ടടുത്ത എതിരാളിക്ക് അത് ഗുണമാവുകയും ചെയ്യുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്.
നൂറു വാർഡുകളിൽ 80 വാർഡുകളിലും ശക്തമായ ത്രികോണ മത്സരമാണ്. ചില വാർഡുകളിൽ സ്വതന്ത്രന്മാരും പിടിമുറുക്കുന്നുണ്ട്. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തി ഭരണം പിടിക്കുകയാണ് മൂന്ന് മുന്നണികളുടെയും ലക്ഷ്യം.
16 വാർഡുകൾ നിർണായകം
ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന വാർഡുകളിൽ ഏറ്റവും പ്രധാനം 16 വാർഡുകളാണ്. ഇവിടങ്ങളിൽ ആർക്കും വ്യക്തമായാരു മുൻതൂക്കം അവകാശപ്പെടാനായിട്ടില്ല. പുഞ്ചക്കരി, പൊന്നുമംഗലം, നെടുങ്കാട്, എസ്റ്റേറ്റ്, വഞ്ചിയൂർ, കാലടി, കുന്നുകുഴി, കരിക്കകം, ചെറുവയ്ക്കൽ, വെള്ളാർ, തിരുവല്ലം, കടകംപള്ളി, അമ്പത്തറ, കമലേശ്വരം, ചാല, ഫോർട്ട് എന്നിവിടങ്ങളാണ് മനസ് തുറക്കാതിരിക്കുന്നത്.
നിലവിലെ കക്ഷിനില
എൽ.ഡി.എഫ് 43
ബി.ജെ.പി 35
യു.ഡി.എഫ് 21
സ്വതന്ത്രൻ 1