
സുരേഷ് ഗോപിയെ കൊണ്ട് പച്ച എലി തീറ്റിച്ച സംവിധായകനാണ് ഭദ്രൻ എന്ന് പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ. യുവതുർക്കി എന്ന സിനിമയിലായിരുന്നു സംഭവം എന്നും സേതു വെളിപ്പെടുത്തുന്നു. ആർട്ട് ഡയറക്‌ടർ കേക്കിൽ എലിയുടെ രൂപം ഉണ്ടാക്കി കൊടുത്തെങ്കിലും സ്വീകരിക്കാൻ ഭദ്രൻ തയ്യാറായില്ലെന്നും സേതു അടൂർ പറയുന്നു.
'ഭദ്രൻ സാർ സംവിധാനം ചെയ‌്ത് സുരേഷ് ഗോപി നായകനായ ചിത്രമാണ് യുവതുർക്കി. യുവതുർക്കിയുടെ ഷൂട്ട് കൂടുതലും ചെന്നൈയിൽ വച്ചായിരുന്നു. അന്നത്തെ വലിയ ആർട്ട് ഡയറക്‌ടറായിരുന്നു മുത്തുരാജായിരുന്നു യുവതുർക്കിയുടെ ആർട്ട് ഡയറക്‌ടർ. ചിത്രത്തിൽ ഒരു സീനുണ്ട്. ജയിലിൽ കീരിക്കാടൻ ജോസിന്റെ ക്യാരക്‌ടറിന് ചിക്കൻ കൊടുക്കുന്നതും, സുരേഷേട്ടന്റെ (സുരേഷ് ഗോപി) കഥാപാത്രം അത് എതിർക്കുന്നതൊക്കെയാണ് സീൻ. അതിൽ കീരിക്കാടൻ ചെയ‌്ത ജയിലർ സുരേഷേട്ടനെ പച്ച എലി തീറ്റിക്കണം. മുത്തുരാജ് ഒരു കേക്ക് എലിയുടെ രൂപത്തിൽ ഉണ്ടാക്കി കൊണ്ടുവന്ന് ഭദ്രൻ സാറിന് കൊടുത്തു. അദ്ദേഹം അതെടുത്ത് ഒറ്റയേറ് എറിഞ്ഞു. എന്നിട്ട് പച്ച എലിയെ കൊണ്ടുവരാൻ പറഞ്ഞു. അവസാനം ഒറിജിനൽ പച്ച എലിയെ കൊടുത്ത് സുരേഷേട്ടനെ കൊണ്ട് കടിപ്പിച്ചു. അവസാനം മേയ‌്ക്കപ്പ് മാൻ കൊടുത്ത ഡെറ്റോൾ കുടിച്ച് തുപ്പുന്ന സുരേഷേട്ടനെയാണ് ഞാൻ കണ്ടത്'.