
പനജി: ഗോവയിലെ കുർദി ഗ്രാമം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഏപ്രിൽ മാസം വരെ കാത്തുനിൽക്കണം. കാരണം വർഷത്തിൽ ഒരുമാസമൊഴികെ ബാക്കി സമയമെല്ലാം ഈ ഗ്രാമം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഗോവയിലാണ് കുർദി ഗ്രാമമുളളത്. ഗോവയിലെ സങ്കും താലൂക്കിലാണിത്. എൺപത് കാലഘട്ടത്തിൽ സമീപത്തെ സലൗലിം ഡാമിൽ നിന്നുള്ള വെള്ളത്തിൽ ഈ ഗ്രാമം മുങ്ങുകയായിരുന്നു. എല്ലാ വർഷവും ഏപ്രിൽ മാസത്തോടെ വേനൽ കടുക്കുമ്പോൾ ഗ്രാമത്തിന്റെ ഓരോ ഭാഗങ്ങളായി തെളിഞ്ഞു തുടങ്ങുന്നതു കാണാം. ഈ സമയത്ത് ഗ്രാമീണർ ഇവിടേക്ക് മടങ്ങിയെത്തും. അവിടെയുള്ള ആരാധനാലയത്തിൽ ഇവർ പൂജകൾ ആരംഭിക്കും. ഒരു മാസത്തോളം ഗ്രാമം ഇവിടെ കാണാൻ സാധിക്കും.
നാശം സംഭവിച്ച ഒരു പുരാതന ഗ്രാമത്തിന്റെ കാഴ്ച്ചയായിരിക്കും ആ സമയം കുർദി സന്ദർശിക്കുന്നവർക്ക് കാണാൻ കഴിയുക. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും വീട്ടുസാധനങ്ങളും വിണ്ടുകീറിയ ഭൂമിയുമൊക്കെയായിരിക്കും കാഴ്ച്ച. ഏക്കറു കണക്കിന് തരിശു ഭൂമി വെള്ളത്തിൽ നിന്ന് ഉയർന്നു വരുന്നു. ആരാധനാലയങ്ങളുടെ ശേഷിപ്പുകളും ഗ്രാമത്തിലെ പല ഭാഗങ്ങളിൽ കാണാം. ഫലഭൂയിഷ്ടതയുള്ള മണ്ണായിരുന്നു ഇവിടെ. ഗ്രാമീണരിലേറെയും കർഷകരുമായിരുന്നു. മൂവായിരത്തോളം പേർ അന്ന് കുർദിയിൽ താമസിച്ചിരുന്നു. നെൽകൃഷിയും മറ്റുമായി സജീവമായിരുന്നു ഇവർ. ഇതിന് പുറമെ കശുവണ്ടി, പ്ലാവ്, തെങ്ങ്, മാവ് തുടങ്ങിയവയും നിറഞ്ഞു നിന്ന സ്ഥലമായിരുന്നു. എല്ലാ മതസ്ഥരും ഒരുമയോടെ ജീവിച്ചിരുന്ന ഗ്രാമം. ഗ്രാമത്തിൽ നിരവധി ക്ഷേത്രങ്ങളുണ്ടായിരുന്നു. പുറമെ മുസ്ലിം, ക്രിസ്ത്യൻ പള്ളികളും.
കുർദിയിലെ ഗ്രാമീണർ പറയുന്നതനുസരിച്ച് 1986ലാണ് ഈ ഗ്രാമം വെള്ളത്തിൽ മുങ്ങാൻ തുടങ്ങിയത്. ഗോവയിലെ ആദ്യ ഡാം പണികഴിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്.