
കൊൽക്കത്ത: തനിക്ക് 14 ഭാഷകളെങ്കിലും അറിയാമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അവകാശപ്പെടുന്ന ഒരു വീഡിയോ ഇൻറർനെറ്റിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വ്യാപകമായി പ്രചരിക്കുകയാണ്. ഡിസംബർ ഒന്നിന് ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റിൽ വച്ച് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌താണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാൻ അതിനെക്കുറിച്ച് വീമ്പിളക്കുന്നില്ല, എനിക്ക് ഗുജറാത്തി സംസാരിക്കാൻ കഴിയും. വിയറ്റ്നാം സന്ദർശിച്ചപ്പോൾ ഞാൻ വിയറ്റ്നാമീസ് പഠിച്ചു. മൂന്ന് തവണ റഷ്യ സന്ദർശിച്ചതിന് ശേഷം എനിക്ക് അൽപ്പം റഷ്യൻ ഭാഷ അറിയാം. നാഗാലാൻഡിൽ വളരെക്കാലം ജോലി ചെയ്‌തു കൊണ്ട് എനിക്ക് അവിടത്തെ ഭാഷയും അറിയാം. മണിപ്പൂരിയും എനിക്കറിയാം, ആസാമീസും ഉറുദുവും എനിക്കറിയാം' എന്നാണ് മമത ബാനർജി വീഡിയോയിൽ പറയുന്നത്.
'എനിക്ക് ഒറിയ, പഞ്ചാബി, മറാത്ത, ബംഗ്ലാ ഭാഷ അറിയാം. എനിക്ക് ഹിന്ദി, ഗോർഖ, നേപ്പാളി എന്നിവ അറിയാം. പക്ഷേ ഞാൻ അതിനെക്കുറിച്ച് വീമ്പിളക്കുന്നില്ല. പകരം അവർക്ക് വേണ്ടി സംസാരിക്കാൻ കഴിഞ്ഞാൽ എനിക്ക് അഭിമാനം തോന്നും.' എന്നായിരുന്നു മമത ബാനർജിയുടെ പ്രതികരണം.
ഞായറാഴ്ച മൻ കി ബാത്തിൽ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി മോദി ബംഗാളി വാക്യം ഉദ്ധരിച്ചതിന് മറുപടിയായാണ് മമത ബാനർജി ഇക്കാര്യം വ്യക്തമാക്കിയത്. 'നിങ്ങൾ ഒരു പൊതു പ്രസംഗം നടത്തുമ്പോൾ എല്ലാം ഒരു ടെലിപ്രോംപ്‌റ്ററിൽ ദൃശ്യമാകും. നിങ്ങൾ അത് നോക്കി വായിക്കും. പൊതുജനങ്ങൾക്ക് ഇത് കാണാൻ കഴിയില്ല. കുറച്ച് ആളുകൾക്ക് മാത്രമേ ഇത് അറിയൂ. മുമ്പ് ഇത് യു എസ് എയിലും യു കെയിലുമാണ് കണ്ടിരുന്നത്. ഇപ്പോഴത് ഇന്ത്യയിലും കാണുന്നു' എന്നായിരുന്നു മമത ബാനർജി പറഞ്ഞത്.