crime

തൊടുപുഴ (ഇടുക്കി)​: പരപുരുഷ ബന്ധം ആരോപിച്ച് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഇടുക്കി വണ്ടിപ്പെരിയാർ ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജയുടെ ഭാര്യ രാജലക്ഷ്‌മിയാണ് മരിച്ചത്. കൊലപാതകം നടത്തിയ രാജയെ പൊലീസ് അറസ്റ്റു ചെയ്തു. ആറ് വയസുള്ള മകളുടെ മുമ്പിൽ വച്ചായിരുന്നു കൊലപാതകം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: പത്ത് വർഷം മുമ്പ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച ശേഷമാണ് രാജയ്‌ക്കൊപ്പം രാജലക്ഷ്മി ജീവിതം തുടങ്ങിയത്. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുറച്ച് ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മിൽ പിണക്കത്തിലായിരുന്നു. രാജലക്ഷ്മിയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന സംശയത്തിലായിരുന്നു രാജൻ. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ വഴക്ക് കൂടിയിരുന്നു. സംഭവദിവസം ഇതേ വിഷയത്തെ ചൊല്ലി രാജയും രാജലക്ഷ്‌മിയും തമ്മിൽ വാക്കുതർക്കമുണ്ടായി. ബഹളത്തിനിടെ വീട്ടിലെ വാക്കത്തി എടുത്ത് രാജലക്ഷ്‌മിയുടെ കഴുത്ത് രാജ അറുക്കുകയായിരുന്നു. രക്തം വാർന്ന് അവശയായ രാജലക്ഷ്‌മി വീട്ടിൽ വച്ചു തന്നെ മരിച്ചു.

ഇരുവരും തമ്മിൽ വഴക്കുണ്ടായ വിവരം രാജന്റെ അമ്മ അയൽവാസികളെ അറിയിച്ചെങ്കിലും കലഹം നിത്യസംഭവം ആയതിനാൽ അവർ ഇടപെട്ടില്ല. രാജന്റെ അമ്മ തിരികെ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു രാജലക്ഷ്‌മി. ഇവരുടെ നിലവിളി കേട്ടെത്തിയ വിവരം പൊലീസിൽ അറിയിച്ചു. പൊലീസെത്തി രാജലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു,​ കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.