
പാരിസ്: ഭീകരാക്രമണങ്ങളും കൊലയും മൂലം തകരാറിലായ രാജ്യത്തെ ക്രമസമാധാനം പുനസ്ഥാപിക്കാൻ ഊർജ്ജിത നടപടികളുമായി ഫ്രാൻസ്. തീവ്രവാദത്തിന് വളക്കൂറേകുന്നു എന്ന കാരണത്താൽ 76ഓളം പളളികൾ അടച്ചുപൂട്ടാൻ സർക്കാർ ആലോചിക്കുന്നു. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാൾഡ് ഡർമാനിൻ ഈ വിവരം സൂചിപ്പിച്ച് ട്വീറ്റ് ചെയ്‌തു. 'വരും ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പരിശോധനകൾ നടത്തും. സംശയം തോന്നിയാൽ അവ അടച്ചുപൂട്ടാൻ നിർദ്ദേശിക്കും' ഡർമാനിൻ പറഞ്ഞു. മതിയായ രേഖകളില്ലാതെ വന്ന 66 അഭയാർത്ഥികളെയും പുറത്താക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇവർ തീവ്ര മതവാദികളാണെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളിൽ മത സ്വഭാവമുളള നിരവധി ആക്രമണങ്ങളാണ് രാജ്യത്ത് ഇമ്മാനുവൽ മക്രോൺ സർക്കാരിന് നേരിടേണ്ടി വന്നത്. ഉളളിൽ തന്നെയുളള ശത്രുക്കളെ തുരത്താനാണ് സർക്കാരിന്റെ നടപടിയെന്ന് ജെറാൾഡ് ഡർമാനിൻ അറിയിച്ചു. രാജ്യത്ത് ചില സ്ഥലങ്ങളിലെ ആരാധനാലയങ്ങളിൽ രാജ്യത്തിന്റെ റിപ്പബ്ളിക്കൻ ആശയങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്ന ഇമാമുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഞെട്ടിച്ച അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവവും മൂന്ന് പേരെ കുത്തിക്കൊന്ന സംഭവവുമാണ് ഈ നടപടിയിലേക്ക് കടക്കാനുണ്ടായ പെട്ടെന്നുളള കാരണം. എന്നാൽ എവിടെയെല്ലാമാണ് പരിശോധന നടത്തുകയെന്നുളള വിവരം ഡർമാനിൻ വ്യക്തമാക്കിയില്ല. ഇവയിൽ 16 എണ്ണം പാരീസിലും മറ്റുളളവ രാജ്യത്തെ വിവിധ മേഖലകളിലുമാണെന്നാണ് അറിവ്. ഇവ അറുതോളമുണ്ട്.
രാജ്യത്ത് ഇസ്ളാമിക വിഘടനവാദം അവസാനിപ്പിക്കാൻ ആലോചിക്കുന്ന ഘട്ടത്തിൽ ഇസ്ളാം മതം ലോകമാകെ പ്രതിസന്ധി നേരിടുന്ന മതമാണെന്ന് മാക്രോൺ അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്പിൽ ഏറ്റവുമധികം മുസ്ളീങ്ങൾ ന്യൂനപക്ഷമായുളള രാജ്യമാണ് ഫ്രാൻസ്. മുൻ മാസങ്ങളിലെ ആക്രമണങ്ങൾ കാരണം തിരഞ്ഞുപിടിച്ച് തങ്ങൾ ആക്രമിക്കപ്പെടുമോ എന്ന് രാജ്യത്തെ മുസ്ളിങ്ങൾക്കിടയിൽ ഭയമുണ്ട്.
സാമുവൽ പാറ്റി എന്ന അദ്ധ്യാപകൻ പ്രവാചകന്റെ രേഖാചിത്രം പ്രദർശിപ്പിച്ചതിനെ തുടർന്നാണ് കൊല്ലപ്പെട്ടത്. തുടർന്ന് പാരീസ് നഗരത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തുളള പാന്റിനിലെ ഗ്രാന്റ് മോസ്‌ക് സർക്കാർ അടപ്പിച്ചിരുന്നു. ഒരു മനുഷ്യാവകാശ സംഘടനയോടും മുസ്ളിം ചാരിറ്റി ബറാക്ക സിറ്റി എന്ന മറ്റൊരു സംഘടനയോടും പ്രവർത്തനം അവസാനിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇവ ഇസ്ളാം മതത്തിനെതിരായ ആക്രമണങ്ങൾക്ക് എതിരെ പ്രവർത്തിച്ചിരുന്ന സംഘടനകളാണ്. ഇവയുടെ പ്രവർത്തനം സംശയാസ്‌പദമാണെന്നാണ് സർക്കാർ വാദം. എന്നാൽ സർക്കാർ നടപടികൾ ചില മുസ്ളിം മതവിശ്വാസികൾക്ക് രാജ്യത്ത് ഒറ്റപ്പെട്ടുപോയ തോന്നലാണ് ഉളവാക്കിയത് എന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റൊരു വിഭാഗം ഇത്തരം നടപടികൾ രാജ്യത്ത് ആവശ്യമാണെന്ന് വാദിക്കുന്നു.