
തിരുവനന്തപുരം:കേരളത്തിൽ കാട്ടുപന്നികളുടെ ആക്രണം രൂക്ഷമായിരിക്കുകയാണ്. കർഷകരുടെ എറ്റവും വലിയ ശത്രുക്കളായി മാറിയിരിക്കുകയാണ് കാട്ടുപന്നികൾ. കൂട്ടമായെത്തുന്ന പന്നികൾ വാഴയും മരച്ചീനിയും ഉൾപ്പടെയുളള സകലവിളകളും പൂർണമായും നശിപ്പിക്കുകയാണ്. കാട്ടുപന്നികൾ എന്നാണ് അറിയപ്പെടുന്നതെങ്കിലും കാടുകളില്ലാത്ത സ്ഥലങ്ങളിലും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇവ സ്വൈര വിഹാരം നടത്തുന്നുണ്ട്. ഇവറ്റകളുടെ ആക്രമണത്തിൽ മനുഷ്യർക്ക് ഗുരുതരമായി പരിക്കേൽക്കുന്നതും പതിവാണ്.
വിളവെടുക്കാൻ പാകമാകുമ്പോഴാണ് പന്നികൾ കൂട്ടത്തോടെ എത്തുന്നത്. മരച്ചീനിയും ചേനയും ചേമ്പു വാഴയും മാത്രമല്ല കണ്ണിൽ കണ്ടതെല്ലാം ഇവറ്റകൾ കുത്തിമറിച്ചിടും. തരിമ്പുപോലും ശേഷിക്കാതെയാവും കാർഷിക വിളകൾ നശിപ്പിക്കുക. പലിശയ്ക്കെടുത്തും ലോണെടുത്തുമൊക്കെ കൃഷിചെയ്യുന്ന കർഷകരുടെ വേദനയ്ക്കുനേരെ അധികൃതർ കണ്ണടയ്ക്കുകയാണ്. തോക്ക് ലൈസൻസുളളവർക്ക് കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ ഇതുകൊണ്ടൊന്നും പന്നികളുടെ ശല്യം ഇല്ലാതാക്കാൻ കഴിയില്ലെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് കർഷകരുടെ ആവശ്യം. തങ്ങളുടെ ആവശ്യത്തിന് നേരേ മുഖംതിരിച്ചാൽ കേരളം വലിയ വില കൊടുക്കേണ്ടിവരുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നത്.
കാട്ടുപന്നികളുടെ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ്. നാട്ടിലിറങ്ങിയ പന്നികൾ വീടിനോട് ചേർന്ന് നട്ടിരിക്കുന്ന വാഴകൾ കുത്തിമറിച്ചിട്ടശേഷം തിന്നുനശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.