
വാഷിംഗ്ടൺ: മൊഡേണയുടെ കൊവിഡ് വാക്സിന് മനുഷ്യശരീരത്തിൽ മൂന്നുമാസത്തോളം നിലനിൽക്കുന്ന ശക്തമായ ആന്റിബോഡികളെ ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് പഠനം. വാക്‌സിൻ വികസിപ്പിക്കുന്നതിൽ പങ്കെടുത്ത അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അലർജീസ് ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസിലെ (എൻ.ഐ.എ.ഐ.ഡി.)ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇംഗ്ലണ്ട് ജേണൽ ഒഫ് മെഡിസിനിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.നേരത്തെ, മൊഡേണ വാക്‌സിൻ 94ശതമാനം ഫലപ്രദമാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ആദ്യഘട്ട ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്ത, പ്രായപൂർത്തിയായ യുവാക്കളും പ്രായമായവരും ഉൾപ്പെട്ട 34 പേരിലെ പ്രതിരോധ പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷക സംഘം ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.
മനുഷ്യകോശങ്ങളെ കീഴ്‌പ്പെടുത്തുന്നതിൽ നിന്ന് സാർസ് കോവ്-2 വൈറസിനെ തടയുന്ന ആന്റിബോഡികൾ പ്രതീക്ഷിച്ച പോലെ ദിവസങ്ങൾ കഴിയുന്നതിന് അനുസരിച്ച് ചെറുതായി നശിക്കും. എന്നാൽ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരിലും വാക്‌സിനേഷന് ശേഷം മൂന്നുമാസത്തോളം ആന്റിബോഡികൾ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്- പഠനത്തിൽ പറയുന്നു. എം.ആർ.എൻ.എ- 1273 എന്നറിയപ്പെടുന്ന വാക്‌സിൻ 28 ദിവസങ്ങൾക്കുള്ളിൽ രണ്ട് കുത്തിവയ്പുകളാണ് നൽകുന്നത്.