
ലോസ്ആഞ്ചലസ് : കേവലം ഒരു ഡോളർ കൊണ്ട് കേവലം ഒരു കപ്പ് കാപ്പി പോലും വാങ്ങാൻ കഴിയില്ല. പക്ഷേ, ചന്ദ്രനിൽ നിന്നുള്ള ഇത്തിരി മണ്ണും പാറയും വാങ്ങാൻ ഒരു ഡോളർ മതി. ! അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രനിൽ ഖനനം നടത്തി മണ്ണിന്റെ ചെറിയ അളവിലുള്ള സാമ്പിൾ ഈ തുകയ്ക്ക് നൽകാൻ നിരവധി കമ്പനികൾ തയാറായി തങ്ങളുമായി കരാറിലേർപ്പെട്ടെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.
കൊളറാഡോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റോബോട്ടിക്സ് കമ്പനിയായ ലൂണാർ ഔട്ട്പോസ്റ്റാണ് ഒരു ഡോളറിന് നാസയുമായി കരാറിലേർപ്പെട്ടത്. നാസയുടെ ലോ - കോസ്റ്റ് ലൂണാർ റിസോഴ്സ് കളക്ഷൻ പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായാണ് കരാർ.
50 ഗ്രാമിനും 500 ഗ്രാമിനും ഇടയിലുള്ള ലൂണാർ റിഗോലിത്ത് അഥവാ ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേക കളക്ഷനാണ് നാസ പണം നൽകുന്നത്. സാമ്പിൾ ശേഖരിക്കുന്നതിനും എവിടെയാണ് നാസയ്ക്ക് അത് കണ്ടെത്താൻ സാധിക്കുന്നത് എന്ന് വെളിപ്പെടുത്തുന്നതിനും മാത്രമാണ് ഈ തുക നാസ കമ്പനിയ്ക്ക് നൽകുന്നത്. ബഹിരാകാശ പേടകം നിർമിക്കാനോ സാമ്പിൾ ഭൂമിയിൽ എത്തിക്കാനോ നാസ പണം നൽകില്ല. അതായത്, ഈ കമ്പനികൾ ചന്ദ്രനിൽ നിന്നും മണ്ണ് ശേഖരിക്കും തുടർന്ന് ശേഖരിച്ച സാമ്പിളിന്റെ ചിത്രങ്ങളും വിവരങ്ങളും നാസയ്ക്ക് കൈമാറും.
കാലിഫോണിയ ആസ്ഥാനമായ മാസ്റ്റൺ സ്പേസ് സിസ്റ്റം, ടോക്കിയോ ആസ്ഥാനമാക്കിയുള്ള ഐസ്പേസ് എന്നിവയാണ് നാസയുടെ പദ്ധതിയുടെ ഭാഗമാകുന്ന മറ്റ് കമ്പനികൾ. ഭൂമിയ്ക്ക് പുറത്തേക്കുള്ള പര്യവേഷണങ്ങളിലും സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് നാസയുടെ പദ്ധതി.