
ഹൈദരാബാദ്: ഹെദരാബാദ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ തെലങ്കാനയിലെ ഭരണകക്ഷിയായ ടി ആർ എസിന് മുൻതൂക്കം. അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം രണ്ടാംസ്ഥാനത്തുണ്ട്. വൻ താരനിരയെ അണിനിരത്തി പ്രചാരണം നടത്തിയ ബി ജെ പിയ്‌ക്ക് വോട്ടെണ്ണലിന്റെ രണ്ടാം റൗണ്ടിൽ അടിതെറ്റുന്ന കാഴ്‌ചയാണ് കാണാൻ കഴിയുന്നത്.
ഒടുവുവിൽ വിവരം ലഭിക്കുമ്പോൾ ടി ആർ എസ് 71 സീറ്റിലും എ ഐ എം ഐ എം 43 സീറ്റിലും ബി ജെ പി 33 സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. അഞ്ച് സീറ്റുകളിൽ ബി ജെ പിയുടേയും എട്ട് സീറ്റുകളിൽ ടി ആർ എസിന്റേയും വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പോസ്റ്റൽ ബാലറ്റ് എണ്ണിയപ്പോൾ ബി ജെ പിക്കായിരുന്നു മുൻതൂക്കം. എന്നാൽ പേപ്പർ ബാലറ്റ് എണ്ണി തുടങ്ങിയതോടെ ബി ജെ പി പിന്നാക്കം പോവുകയായിരുന്നു. പേപ്പർ ബാലറ്റ് ആയതിനാൽ ഫലം രാത്രിയോടെ മാത്രമേ അറിയാനാകൂ. സംസ്ഥാന രൂപീകരണം മുതൽ തുടരുന്ന ടി ആർ എസ് മേധാവിത്വം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രചാരണരംഗത്ത് ബി ജെ പി കേന്ദ്രനേതൃത്വത്തിന്റെ സാന്നിദ്ധ്യം കൊണ്ട് തിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തെലങ്കാനയിൽ വേരുറപ്പിക്കാനുളള ശ്രമഫലമായാണ് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഢ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ സജീവമായത്.
ആകെയുളള 150 വാർഡുകളിൽ നൂറിലും ടി ആർ എസും ബി ജെ പിയും തമ്മിൽ നേരിട്ടുളള പോരാട്ടമാണ്. ഫലം നിർണയിക്കാൻ കഴിയുമെന്ന് കരുതുന്ന അസദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം 51 സീറ്റുകളിലാണ് മത്സരിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. മൂന്നു പാർട്ടികളും ശക്തമായ പ്രചാരണം നടത്തിയ ഇവിടെ 46.55 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൊത്തം 74.67 ലക്ഷം വോട്ടർമാരിൽ നിന്ന് 34.50 ലക്ഷം പേരാണ് വോട്ട് ചെയ്‌തത്.