disale

ലണ്ടൻ: മത്സരിച്ച് ജയിച്ചാൽ എതിരാളിയെ മറക്കരുതെന്ന വിശാല ചിന്ത ലോകത്തിന് കാട്ടി കൊടുക്കുകയാണ് മഹാരാഷ്ട്രക്കാരനായ ഒരു അദ്ധ്യാപകൻ. തനിക്ക് കിട്ടിയ സമ്മാനതുക എതിരാളികൾക്ക് വീതിച്ച് നൽകിയാണ് അദ്ധ്യാപകൻ ലോകത്തിന് തന്നെ കൗതുകമാകുന്നത്. ബ്രിട്ടനിൽ നടന്ന ഗ്ലോബൽ ടീച്ചേഴ്‌സ് മത്സരത്തിലെ പുരസ്‌കാര ജേതാവാണ് എല്ലാവരേയും അമ്പരപ്പിച്ച് സമ്മാനതുക വീതിച്ചു നൽകാൻ തീരുമാനിച്ചത്.

ഇന്ത്യയിലെ അദ്ധ്യാപകനായ രഞ്ജിത് സിംഗ് ദിസലേയാണ് ഇത്തരമൊരു തീരുമാനമെടുത്ത് ഏവർക്കും മാതൃകയായത്. ആകെ സമ്മാനമായി പത്ത് ലക്ഷം ഡോളർ ലഭിച്ച ദിസലേ തനിക്കൊപ്പം മത്സരിച്ച ഒമ്പതു പേർക്കായി പകുതി തുകയായ അഞ്ച് ലക്ഷം ഡോളർ വീതിച്ച് നൽകിയാണ് മാതൃകയായത്.

ഗ്രാമീണ മേഖലയിലെ വിദൂരപ്രദേശങ്ങളിൽ താമസിക്കുന്ന യുവ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുളള പരിശ്രമങ്ങൾക്കാണ് ആഗോള തലത്തിൽ രഞ്ജിത്ത് സിംഗിനെ സമ്മാനാർഹനാക്കിയത്. വർക്കി ഫൗണ്ടേഷനാണ് സംഘാടകർ. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സണ്ണി വർക്കി സ്ഥാപിച്ച ആഗോളതലത്തിലെ സന്നദ്ധ സംഘടനയാണ് ദ വർക്കി ഫൗണ്ടേഷൻ

എല്ലാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായിട്ടാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ലണ്ടനിലെ പ്രസിദ്ധമായ ദേശീയ ചരിത്ര മ്യൂസിയത്തിൽ വച്ച് എഴുത്തുകാരനും ഹാസ്യകലാകാരനുമായ സ്റ്റീഫൻ ഫ്രൈയാണ് ബഹുമതി നൽകിയത്. ആഗോളതലത്തിൽ 140 രാജ്യങ്ങളിൽ നിന്നുളള 12,000 അദ്ധ്യാപകരിൽ നിന്നാണ് വർഷത്തിലൊരിക്കൽ ഒരാളെ തീരുമാനിക്കുന്നത്.

അദ്ധ്യാപകരെന്നും പങ്കുവയ്‌ക്കലിലും ദാനം ചെയ്യലിലും വിശ്വസിക്കുന്നവരാണ്. അദ്ധ്യാപകർ ഏറ്റവും അധികം വെല്ലുവിളി നേരിടുന്ന സമയമാണ്. എന്നിട്ടും തന്റെ വിദ്യാർത്ഥികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാനാണ് എല്ലാ അദ്ധ്യാപകനും ശ്രദ്ധിക്കുക. താൻ നേടിയ ഈ ബഹുമതി അഞ്ചുലക്ഷത്തിലേറെ വിദ്യാർത്ഥികളേയും അദ്ധ്യാപകരേയും പ്രതിനിധീകരിച്ചാണെന്നും ദിസാലെ ബഹുമതി സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

സമൂഹത്തിൽ മാറ്റം ഉണ്ടാക്കാനും പാർശ്വവത്‌കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ധാരാളം അദ്ധ്യാപകർ ഇന്ത്യയിലുണ്ട്. അവർക്കായി സമ്മാനതുക ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിൽ ഇരുന്നാണ് വെർച്വൽ സംവിധാനത്തിലൂടെ ദിസാലേ ബഹുമതി സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ പരീതേവാഡീ ഗ്രാമത്തിലാണ് ദിസാലേ കുട്ടികളെ പഠിപ്പിക്കുന്നത്. രാഹുൽ ഗാന്ധി അടക്കമുളള നേതാക്കൾ ദിസാലേയെ അഭിനന്ദിച്ച് രംഗത്തെത്തി.