us-china

വാഷിംഗ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് ഈ മാസം അവസാനത്തോടെ പ്രസിഡന്റ് പദവിയിൽ നിന്ന് പുറത്തേക്ക് പോകുകയാണ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപിന്റെ പ്രസിദ്ധമായ ചൈനീസ് വിരോധത്തിന് ഇപ്പോഴും തരിമ്പും തകർച്ചയുണ്ടായിട്ടില്ല. അതിന് ഏ‌റ്റവും പുതിയ ഉദാഹരണമാണ് ട്രംപിന്റെ നിർദ്ദേശത്താൽ വിസ ചട്ടങ്ങളിൽ മാ‌റ്റം വരുത്തി യു.എസ് സ്‌റ്റേ‌റ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച ഉത്തരവ്. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടി അംഗങ്ങൾക്കോ അവരുടെ കുടുംബത്തിനോ ബി1-ബി2 വിസ അനുസരിച്ച് അമേരിക്കയിൽ തങ്ങാവുന്ന കാലാവധി പത്ത് വർഷത്തിൽ നിന്ന് വെറും ഒരുമാസത്തിലേക്ക് വെട്ടിക്കുറച്ചു. ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ആപത്‌കരമായ സ്വാധീനം കുറയ്‌ക്കാനാണ് ഈ നടപടിയെന്നാണ് യു.എസ് വൃത്തങ്ങൾ പറയുന്നത്.

ഇത് തങ്ങൾക്കെതിരായ ഘട്ടംഘട്ടമായുള‌ള രാഷ്‌ട്രീയ എതിർപ്പിന്റെ പ്രതിഫലനമായും ചൈനീസ് വിരോധമുള‌ള ശീതയുദ്ധ തൽപരരായ ശക്തികളാണ് ഇതിനുപിന്നിലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഷി ജിൻ പിംഗിന്റെ നേതൃത്വത്തിലുള‌ള ചൈനീസ് സർക്കാരിനോട് കടുത്ത വിരോധത്തിലാണ് ഡൊണാൾഡ് ട്രംപ്. കവിഡ് കാലത്തിന് മുൻപ് തന്നെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം യുദ്ധസമാനമായ സ്ഥിതിയിലെത്തിയിരുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ട്രംപ് നിരവധി വേദികളിൽ കൊവിഡ് രോഗകാരിയായ കൊറോണ വൈറസിനെ ചൈനീസ് വൈറസ് എന്ന് വിശേഷിപ്പിച്ചിരുന്നു. രോഗം പടരാൻ കാരണം ഷി ജിൻപിംഗ് സർക്കാരാണെന്നും വാദിച്ചു. ചൈനയുമായി സംസാരിക്കാൻ താൽപര്യമില്ലെന്നും ചൈനയുമായുള‌ള എല്ലാ ബന്ധവും മുറിച്ചുമാ‌റ്റുമെന്നും ട്രംപ് മേയ് മാസത്തിൽ പറഞ്ഞിരുന്നു.

എന്നാൽ ഇതിന് മറുപടിയായി കൊവിഡ് രോഗാണു അമേരിക്കൻ ലാബിൽ സൃഷ്‌ടിച്ചെടുത്തതാണെന്ന് ചൈന ശക്തമായി തിരിച്ചടിച്ചിരുന്നു. കൊവിഡ് മാത്രമല്ല ദക്ഷിണ ചൈന കടലിലും കിഴക്കൻ ചൈന കടലിലും ചൈന നടത്തുന്ന അവകാശ വാദങ്ങളെ അമേരിക്ക നഖശിഖാന്തം എതിർത്തിരുന്നു. ഹോങ്‌കോംഗിലെ ചൈനീസ് അപ്രമാദിത്വ വിഷയത്തിലും സിൻജിയാംഗ് പ്രവിശ്യയിൽ മുസ്ലീങ്ങൾക്ക് നേരിടേണ്ടിവരുന്ന പീഡനങ്ങൾക്കും എതിരെ അമേരിക്ക ചൈനയോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.